പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ ഭൂമി സർക്കാർ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി കോളവിരുദ്ധ സമര സമിതി. ദുരിത ബാധിതർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടി പൂർണമാവുന്നതിന് മുൻപുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് സമര സമിതിയുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം.ഭൂമി വിട്ടൊഴിയൽ നിയമ പ്രകാരമാണ് പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ മുൻവശത്തെ സ്ഥലം കൈമാറിയത്.
പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിയുടെ കൈവശമുണ്ടായിരുന്ന 35 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. ഭൂമി വിട്ടൊഴിയൽ നിയമ പ്രകാരം ഭൂമി വിട്ടുനൽകാൻ തയ്യാറാണെന്ന് ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് പ്രൈമറ്റ് ലിമിറ്റഡ് രേഖാമൂലം നൽകിയത് പരിഗണിച്ചാണ് പാലക്കാട് ആർ ഡി ഒയുടെ നേതൃത്വത്തിൽ ഭൂമിയേറ്റെടുത്തത്. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി മാർച്ചിൽ റവന്യൂ വകുപ്പിന്‍റെ ഉത്തരവ് ഇറങ്ങിയിരുന്നു.