ഫോൺപേ, തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 600 ദശലക്ഷം (60 കോടി) കവിഞ്ഞതായി ഇന്ന് അറിയിച്ചു. ഈ വർഷം 10-ആം വാർഷികം ആഘോഷിക്കുന്ന, സാമ്പത്തിക സേവനങ്ങളും സാങ്കേതിക പരിഹാരങ്ങളും ഉപയോഗിച്ച് കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന നിലയിലേക്ക് ഇന്ന് വളർന്നിരിക്കുന്ന കമ്പനിക്ക് ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ്.
ഫോൺപേ നൽകുന്ന ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും തുടർച്ചയായി മെച്ചപ്പെടുത്തലുകൾ കൊണ്ടുവരികയും കൂടുതൽ ഉപഭോക്താക്കൾ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ താല്പര്യപ്പെടുകയും ചെയ്തതുവഴിയാണ് ഈ നാഴികക്കല്ല് കൈവരിക്കാൻ കഴിഞ്ഞത്. വിശ്വാസ്യത, വേഗത, പേഴ്ശനലൈസ് ചെയ്ത ഇടപാട് അനുഭവങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സുരക്ഷിത പേയ്‌മെന്റ് സംവിധാനം കമ്പനി വികസിപ്പിച്ചെടുത്തത് ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ശ്രദ്ധ നേടി. രാജ്യത്തുടനീളമുള്ള മെർച്ചന്റ് ശൃംഖലയിലുടനീളം ഫോൺപേ വ്യാപകമായി സ്വീകരിക്കപ്പെട്ടതും ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഒരുപോലെ സേവനം നൽകുന്ന ഒരു ശക്തമായ ഡിജിറ്റൽ പേയ്‌മെന്റ് ആവാസവ്യവസ്ഥ സൃഷ്ടിച്ചതുമാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് പറയാം.