വിഴുപ്പുറം: തമിഴ്‌നാട്ടിലെ വില്ലുപുരം റെയിൽവേ സ്റ്റേഷന് സമീപം പുതുച്ചേരിയിലേക്ക് പോകുന്ന പാസഞ്ചർ ട്രെയിനിൻ്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. പുതുച്ചേരി മെമു ട്രെയിനിന്റെ ബോഗികളാണ് പാളം തെറ്റിയത്. ട്രെയിൻ ഉടൻ നിർത്തിയതോടെ വലിയ അപകടം ഒഴിവായി. വില്ലുപുരം യാർഡിനോട് ചേർന്ന് പുലർച്ചെ അഞ്ചരയ്ക്കാണ് സംഭവമുണ്ടായത്.
ആളപായമില്ല എന്നാണ് വിവരം. വളവിലായിരുന്നതിനാൽ ട്രെയിനിന് വേഗം കുറവായിരുന്നുവെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. വലിയ ശബ്ദം കേട്ടതിന് പിന്നാലെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ പെട്ടെന്ന് നിർത്തുകയായിരുന്നു. തുടർന്ന് യാത്രക്കാരെ ഉടൻ തന്നെ ട്രെയിനിൽ നിന്ന് ഒഴിപ്പിച്ചു. എല്ലാ യാത്രക്കാരെയും ട്രെയിനിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കിയതായി റെയിൽവേ ജീവനക്കാർ പറഞ്ഞു.