തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കോടതി ഇന്ന് വിധി പറയും. കൊലപാതകം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് വിധി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പ്ലാന്‍ തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേര്‍ത്ത കഷായം നല്‍കുകയുമായിരുന്നു. കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോണ്‍ അവശനിലയിലായി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.