എൻ എൽ സി മെയ്ദിനം ആചരിച്ചു
കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി സ്നേഹം കാപട്യമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് (എൻഎൽസി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് സംഘടിപ്പിച്ച മെയ്ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റിന് നടയിൽ ആശമാരുടെ സമരം ഇപ്പോഴും തുടരുകയാണ്. ഇത് സർക്കാരിന്റെ തൊഴിലാളി വിരുദ്ധമനസ്സ് തുറന്നു കാട്ടുന്നതാണ്. ഈ നിമിഷം വരെയും സമരം ഒത്തുതീർപ്പാക്കുന്നതിന് വേണ്ട ഒരു ഇടപെടലും സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആശ പ്രവർത്തകർ മാത്രമല്ല, ഈ നാട്ടിലെ തൊഴിലാളിവർഗ്ഗം ഒന്നാകെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. സർക്കാർ ജീവനക്കാരുടെയും അവസ്ഥ വിഭിന്നമല്ല. മുഖ്യധാര രാഷ്ട്രീയപാർട്ടികൾ എല്ലാം തന്നെ, മൂലധന നിക്ഷേപ വ്യവസ്ഥയുടെയും, കോർപ്പററേറ്റ് സംവിധാനങ്ങളുടെയും ഒപ്പം ചേർന്നുനിൽക്കുന്നു. അതോടൊപ്പം തന്നെ, വിവിധ ഓൺലൈൻ ജോലികൾ ചെയ്യുന്നവർക്കും തൊഴിൽ പരിരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻ എൽ സി സംസ്ഥാന പ്രസിഡന്റ് കല്ലറ മോഹൻദാസ് അധ്യക്ഷത വഹിച്ചു. എൻസിപി ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ്, എൻ വൈ സി സംസ്ഥാന പ്രസിഡന്റ് സി കെ ഗഫൂർ, എൻ എൽ സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ ബി മോഹനൻ, എൻ എൽ സി ജില്ലാ പ്രസിഡന്റ് കെ എ കൃഷ്ണൻകുട്ടി, വി സോമശേഖരൻ, ശ്രീജേഷ് പി തുടങ്ങിയവർ മെയ്ദിനാചരണത്തിൽ പങ്കെടുത്തു. തുടർന്ന് പതാക ഉയർത്തലും, മെയ്ദിന സന്ദേശം പകരലും നടന്നു. ആശാപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രമേയം പാസാക്കുകയും ചെയ്തു.