ജിസാൻ(സൗദി): അവധിക്കായി നാട്ടിലേക്ക് പോവാനിരുന്ന മലപ്പുറം സ്വദേശി സൗദിയിലെ ജിസാനിനടുത്ത് അബൂ അരീഷിൽ വാഹനമിടിച്ചു മരിച്ചു. സൗദി, ജിസാനിൽ ജോലി നോക്കുന്ന മഞ്ചേരി, പാണായി മുള്ളമ്പാറ സ്വദേശി അബ്ബ മൻസിലിൽ റിയാസ്ബാബു കോർമത്താണ് (47) വാഹനമിടിച്ച് മരിച്ചത്. മുഹമ്മദ് കോർമത്തിന്റെയും സുഹ്റയുടെയും മകനാണ്. സാഹിനയാണ് ഭാര്യ. മക്കളായ ഹാനിയ, ഹനാൻ, ഹന എന്നിവർ നാട്ടിൽ വിദ്യാർത്ഥികളാണ്.ജിസാൻ നഗരത്തിൽ നിന്ന് 35 കിലോമീറ്റർ അകലെ അബൂഅരീഷിന് സമീപമുള്ള അൽവാസലിയിൽ താമസസ്ഥലത്തിനടുത്ത് വെച്ച് ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. റോഡിലൂടെ താമസ്ഥലത്തേക്ക് നടന്നു പോകുകയായിരുന്ന റിയാസിനെ പിന്നിൽ നിന്നു വന്ന കാർ ഇടിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റിയാസിനെ സംഭവസ്ഥലത്തെത്തിയ പോലീസ് ഉടൻ തന്നെ അബൂഅരീഷ് കിംഗ്ഫഹദ് സ്പെഷ്യലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും പുലർച്ചെ മൂന്നു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.കഴിഞ്ഞ 18 വർഷമായി ജിസാനിലുള്ള റിയാസ് അൽവാസലിയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. എട്ടു മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയിവന്നത്. ജിസാൻ വിമാനത്താവളത്തിൽ നിന്ന് എയർഅറേബ്യ വിമാനത്തിൽ വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് ഷാർജ വഴി കോഴിക്കോട്ടേക്ക് പോകാനിരുന്നതാണ്. കടയിൽ നിന്ന് രണ്ടുദിവസം മുമ്പ് ജോലി അവസാനിപ്പിച്ച് നാട്ടിൽ പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.അബൂഅരീഷ് കിംഗ്ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിസാനിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികളുമായി ‘ജല’ പ്രവർത്തകർ രംഗത്തുണ്ട്. ‘ജല’യുടെ യൂണിറ്റ് പ്രവർത്തകനായിരുന്ന റിയാസ് സാമൂഹിക പ്രവർത്തങ്ങളിൽ സജീവമായിരുന്നുവെന്ന് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.
മലപ്പുറം സ്വദേശി സൗദിയിൽ വാഹനമിടിച്ച് മരിച്ചു
