കോട്ടപ്പുറം: മുനമ്പം ജനതയുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് കോട്ടപ്പുറം രൂപത വികാരി ജനറാള്‍ മോണ്‍ റോക്കി റോബി കളത്തില്‍ അഭിപ്രായപ്പെട്ടു. കോട്ടപ്പുറം വികാസ് ഭവനില്‍ നടന്ന സംസ്ഥാന സിഎല്‍സി ഭാരവാഹികളുടെ സത്യപ്രതിജ്ഞാചടങ്ങും ക്രിസ്തുമസ് ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനമ്പം തര്‍ക്കത്തിന് സമാധാനപരവും നീതിയുക്തവുമായ പരിഹാരം ഉണ്ടാകണം. ഭരണഘടനാതത്വങ്ങളാലും പരസ്പര ബഹുമാനത്താലും നയിക്കപ്പെടുന്നതാകണം പരിഹാരം.
മുനമ്പം ജനതയുടെ അവകാശ സംരക്ഷണത്തിന് സിഎല്‍സി നല്‍കുന്ന പിന്തുണക്ക് അദ്ദഹം നന്ദി പറഞ്ഞു. തലമുറകളായി മുനമ്പത്ത് ജീവിക്കുന്ന ജനങ്ങളുടെ അവകാശപോരാട്ടങ്ങളില്‍ ഉറച്ച് നില്‍ക്കുമെന്ന് സിഎല്‍സി വ്യക്തമാക്കി. സംസ്ഥാന പ്രമോട്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത പ്രമോട്ടര്‍ ഫാ. ലിനു പുത്തന്‍ചക്കാലക്കല്‍ സന്ദേശം നല്‍കി. സംസ്ഥാനപ്രസിഡന്റ് സാജു തോമസ് നയപ്രഖ്യാപനം നടത്തി. തൃശൂര്‍ അതിരൂപത അസിസ്റ്റന്റ് പ്രമോട്ടര്‍ ഫാ. സെബി വെളിയന്‍, ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ ബിജില്‍ സി. ജോസഫ്, ഷീല ജോയ്, കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെസ്‌മോന്‍ തോമസ്, സംസ്ഥാന സെക്രട്ടറി ഷോബി കെ. പോള്‍ എന്നിവര്‍ സംസാരിച്ചു.