കണ്ടെത്തലിനു പിന്നിൽ കോതമംഗലം എം. എ. കോളേജ് അധ്യാപിക
കോതമംഗലം : കേരളത്തിന്റെ സസ്യ വൈവിധ്യത്തിലേക്ക് ഒരു പുതിയ പേര് കൂടി. കൊല്ലം ജില്ലയിലെ റോസ് മലയിൽ നിന്ന് ഒരു പുതിയ ഇനം പായൽ കണ്ടെത്തി. ശുദ്ധജല ആവാസ വ്യവസ്ഥകളിൽ മാത്രം കാണുന്ന ഫ്രഷ് വാട്ടർ റെഡ് ആൽഗെ വിഭാഗത്തിലെ ഷിത്തിയ ജീനസിൽ ഉൾപ്പെടുന്ന സസ്യമാണ് കണ്ടെത്തിയത്. “ഷിത്തിയ റോസ്മലയൻസിസ്” എന്നാണ് ഈ പായലിന് ഗവേഷകർ ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജയലക്ഷ്മി പി.എസ്, കൊച്ചി, തേവര സേക്രഡ് ഹാർട്ട് കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ഡോ.ജോസ് ജോൺ എന്നിവരാണ് ഈ കണ്ടെത്തൽ നടത്തിയത്.
ഷിത്തിയയുടെ ജനുസ്സിൽ ഇന്ത്യയിൽ നിന്ന് ഹിമാലയത്തിൽ മാത്രമാണ് മറ്റൊരു ആൽഗെ ഇതിനു മുൻപ് കണ്ടെത്തിയിട്ടുള്ളത്. ഗവേഷണഫലങ്ങൾ അമേരിക്ക ആസ്ഥാനമായ ഇൻറർനാഷണൽ ഫയ്ക്കോളജിക്കൽ സൊസൈറ്റിയുടെ ജേർണൽ ആയ ഫയ്‌ക്കോളജിയ-യിൽ പ്രസിദ്ധീകരിച്ചു.
ഈ ഗവേഷകർ ഇതിനു മുൻപ് മൂന്ന് പുതിയ സസ്യങ്ങളും കേരളത്തിൽ നിന്ന് ശാസ്ത്രലോകത്തിന് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. കുമനോവ ചൗഗ്ലെയി, കുമനോവ പെരിയാറെൻസിസ്, മാക്രോസ്പൊറോഫയ്‌ക്കോസ് സഹ്യാദ്രിക്കസ് – എന്നിങ്ങനെ പേരുകൾ നൽകിയിട്ടുള്ള ഈ സസ്യങ്ങളെ എറണാകുളം ജില്ലയിലെ കോതമംഗലം, കുട്ടമ്പുഴയിൽ നിന്നും, ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നുമായാണ് ഇവർ കണ്ടെത്തിയത്. ഇവയിലെല്ലാം ഡി എൻ എ ബാർകോഡിംഗ് നടത്തുകയും അവയുടെ ഫലങ്ങൾ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മാക്രോസ്പൊറോഫയ്‌ക്കോസ് എന്ന ജീനസ് തന്നെ ലോകത്തിൽ ആദ്യമായി കണ്ടെത്തിയതും ഈ ഗവേഷകർ ആണ്.
ഇത്തരം അപൂർവ്വ ഇനം പായലുകളിൽ ഇന്ത്യയിൽ തന്നെ വിരലിൽ എണ്ണാവുന്ന ഗവേഷകർ മാത്രമാണ് പഠനം നടത്തി വരുന്നത്. അതിനാൽ തന്നെ പശ്ചിമഘട്ടത്തിൽ നിന്നും ഇവയെ സംബന്ധിച്ച ഗവേഷണങ്ങൾ വിരളമാണ്. ഈ സസ്യ വിഭാഗം ശുദ്ധജലത്തിൽ മാത്രം കാണപ്പെടുന്നതിനാൽ ഇവയെ സംബന്ധിച്ച വിവരങ്ങൾ പരിസ്ഥിതി അവലോകന പഠനങ്ങൾക്ക് സഹായകമാണന്ന് ഗവേഷകർ പറയുന്നു.പുതിയ ഇനത്തിലുള്ള പായൽ കണ്ടെത്തിയ ഡോ. ജയലക്ഷ്മി, ഫാ.ഡോ ജോസ് ജോൺ എന്നിവരെ എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, അധ്യാപക- അനധ്യാപകർ എന്നിവർ അഭിനന്ദിച്ചു.