കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസിലെ മുഖ്യ പ്രതി പത്മകുമാറിന്റെ ചോദ്യം ചെയ്യല്‍ ആറ് മണിക്കൂര്‍ പിന്നിട്ടു. അടൂരിലെ പൊലീസ് ക്യാമ്പിലാണ് ചോദ്യം ചെയ്യല്‍. എഡിജിപി എം ആര് അജിത്കുമാർ രാത്രി 9.30 ന് വാര്‍ത്താസമ്മേളനം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരേയും ആരംഭിച്ചില്ല.
പത്മകുമാറിന്റെ മൊഴിയില്‍ അവ്യക്തത പൊലീസിനെ കുഴയ്ക്കുകയാണ്. തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിയുടെ അച്ഛന് റെജിയോടുള്ള വൈരാഗ്യമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. മകള്‍ അനുപമയ്ക്ക് വിദേശത്ത് നഴ്സിംഗ് അഡ്മിഷന് ലഭിക്കുന്നതിനായി ഒഇടി പരീക്ഷ ജയിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് റെജിക്ക് പണം നല്‍കിയിരുന്നുവെന്നാണ് മൊഴി. പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്നും ഇത് വൈരാഗ്യം ഉണ്ടാക്കാനിടയായെന്നും പത്മകുമാര്‍ പൊലീസിന് മൊഴി നല്കി.