കൊച്ചി: ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ വാറ്റുചാരായമായ “മണവാട്ടി” കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ വില്പനയ്‌ക്കെത്തി. യൂറോപ്യൻ നിലവാരത്തിലുള്ള കർശന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യുകെയിലാണ് “മണവാട്ടി”യുടെ നിർമാണം. പൂർണമായും ഭക്ഷ്യധാന്യങ്ങൾ ഉപയോഗിച്ച് പ്രകൃതിദത്തമായ രീതിയിലാണ് ഉത്പാദനം. 44% ആൽക്കഹോൾ അടങ്ങിയിട്ടുള്ള “മണവാട്ടി”യിൽ കൃതൃമ മധുരമോ നിറങ്ങളോ ഫ്ലേവറോ കൊഴുപ്പോ ചേർത്തിട്ടില്ലെന്ന് നിർമാതാക്കളായ ലണ്ടൻ ബാരൻ ലിമിറ്റഡ് അവകാശപ്പെടുന്നു. യുകെ മലയാളിയായ ജോൺ സേവ്യറാണ് ഈ ആശയത്തിന് പിന്നിൽ.
ശ്രീലങ്ക, ജപ്പാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉല്പാദിപ്പിക്കുന്ന തനത് വാറ്റുകൾക്ക് വിദേശരാജ്യങ്ങളിൽ വൻ ഡിമാൻഡ് ആണ്. ഇന്ത്യയിലും ഇത്തരം നാടൻ മദ്യനിർമ്മാണരീതികൾ പ്രചാരത്തിലുണ്ടെങ്കിലും സുരക്ഷാപ്രശ്നങ്ങൾ കാരണം വിദേശവിപണിയിൽ ലഭ്യമായിരുന്നില്ല. ആ കുറവാണ് “മണവാട്ടി” പരിഹരിക്കുന്നത്. ഇന്ത്യയിലെ നാടൻ വാറ്റ് രീതിക്കൊപ്പം അത്യാധുനിക മദ്യനിർമ്മാണ ഉപകരണങ്ങളും കൂടി സമന്വയിപ്പിച്ചാണ് “മണവാട്ടി”യുടെ ഉത്പാദനം യുകെയിൽ നടക്കുന്നത്. മായവും വിഷാംശങ്ങളും ഇല്ലാത്തതിനാൽ ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ അറാക്കാണ് “മണവാട്ടി”യെന്ന് നിർമാതാക്കൾ പറയുന്നു.
യുകെ വിപണിയിൽ ഇന്ത്യൻ മദ്യങ്ങൾ എത്തിക്കുന്നതിനായി 2019ലാണ് ലണ്ടൻ ബാരൻ ലിമിറ്റഡ് സ്ഥാപിതമായത്. കേരളത്തിലെ നാടൻ കള്ള് ഉൾപ്പെടെയുള്ളവ യുകെയിലെ വിപണിയിൽ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് വാറ്റുചാരായം എന്ന ആശയത്തിലേക്ക് കടന്നത്. 2023 മുതൽ “മണവാട്ടി” യുകെ വിപണിയിൽ ലഭ്യമായിത്തുടങ്ങി. യുകെയിൽ തദ്ദേശീയരും പ്രവാസികളും ഒരുപോലെ ഏറ്റെടുത്ത “മണവാട്ടി” ഇതാദ്യമായാണ് കേരളത്തിൽ വില്പനയ്‌ക്കെത്തുന്നത്. സീറോ ഷുഗർ, സീറോ കാർബ്, സീറോ ഫാറ്റ് എന്ന വാഗ്ദാനങ്ങളോടെയാണ് “മണവാട്ടി” ആവശ്യക്കാരിലേക്കെത്തുന്നത്. പ്രകൃതിദത്ത ഊർജം എന്നർഥമുള്ള “മന”യും കലാകാലങ്ങളായി കള്ള് പുളിപ്പിക്കാൻ ഉപയോഗിക്കുന്ന രീതികൾ സൂചിപ്പിക്കുന്ന “വാറ്റി”യും ചേർന്നാണ് “മണവാട്ടി” എന്ന പേര് വന്നത്. 44% ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെങ്കിലും വളരെ സുഖകരമായ രുചിയും പ്രകൃതിദത്ത മണവുമാണ് “മണവാട്ടി” നൽകുന്നത്. യുകെയ്ക്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളിലെ വിപണികളും “മണവാട്ടി”യെ വില്പനയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
കൊച്ചിയിൽ വിമാനം ഇറങ്ങുന്ന എല്ലാവർക്കും വിമാനത്താവളത്തിനുള്ളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും നികുതിഭാരമില്ലാതെ “മണവാട്ടി” വാങ്ങാൻ കഴിയും. ഒരു ലിറ്റർ ബോട്ടിലിന് 3,500 രൂപയാണ് വില. നിലവിൽ 10% ഡിസ്‌കൗണ്ട് ഉൾപ്പെടെ പ്രാരംഭവിലയായ 3150 രൂപയ്ക്കാണ് വിമാനം ഇറങ്ങുന്നവർക്ക് വില്പന നടക്കുന്നത്. പ്രധാനമായും നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസി മലയാളികളെയും വിദേശ വിനോദസഞ്ചാരികളെയുമാണ് “മണവാട്ടി”യുടെ നിർമാതാക്കൾ ലക്ഷ്യമിടുന്നത്.