കോളോപ്രൊക്ടോളജി ശസ്ത്രക്രിയാവിദഗ്ധരുടെ അന്തര്‍ദേശിയ സമ്മേളനം വേള്‍ഡ്കോണ്‍-2025 കൊച്ചിയില്‍ ആരംഭിച്ചു

Uncategorized

കൊച്ചി: കോളോപ്രൊക്ടോളജി ശസ്ത്രക്രിയാവിദഗ്ധരുടെ നാല് ദിവസം നീണ്ടുനില്‍ക്കുന്ന അന്തര്‍ദേശിയ സമ്മേളനം വേള്‍ഡ്കോണ്‍-2025 കൊച്ചിയില്‍ ആരംഭിച്ചു. കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഡല്‍ഹി എയിംസ് മുന്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. എം.സി. മിസ്ര നിര്‍വഹിച്ചു വേള്‍ഡ്‌കോണ്‍ രക്ഷാധികാരി ഡോ. പത്മകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വേള്‍ഡ്‌കോണ്‍ ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. മധുക്കര്‍ പൈ സ്വാഗത പ്രസംഗം നടത്തി. സമ്മേളനത്തില്‍ സ്വദേശത്തും വിദേശത്തുമുള്ള നിരവധി കോളോപ്രൊക്ടോളജി ശസ്ത്രക്രിയ വിദഗ്ദ്ധന്മാര്‍ പങ്കെടുക്കുന്നുണ്ട്.

‘വേള്‍ഡ്കോണ്‍ 2025-ന്റെ ഭാഗമായുള്ള കോണ്‍വൊക്കേഷന്‍ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ശസ്ത്രക്രിയാവിദഗ്ദ്ധര്‍ക്ക് വേണ്ടി നിരന്തരമായി സംഘടിപ്പിക്കുന്ന ശസ്ത്രക്രിയാപരിശീലനവും തുടര്‍വിദ്യാഭ്യാസ പരിപാടികളും രോഗീപരിചരണത്തില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ ഡോ. എം.സി. മിശ്ര പറഞ്ഞു. ചടങ്ങില്‍ 700-ല്‍ അധികം സര്‍ജന്മാര്‍ കോളോപ്രൊക്ടോളജി എഫ്.ഐ.എസ്.സി.പി ഫെല്ലോഷിപ്പ് സ്വീകരിച്ചു.

ശസ്ത്രക്രിയാവിദഗ്ദ്ധര്‍ക്കായി ലേസര്‍, സ്റ്റേപ്ലര്‍, കൊളോണോസ്‌കോപ്പി, വാഫ്റ്റ് തുടങ്ങിയ ശസ്ത്രക്രിയ രീതികളില്‍ തല്‍സമയ പരിശീലനം നടത്തി. 250-ലേറെ വിദഗ്ദ്ധരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ഈ മാസം ആറു വരെ നടക്കുന്ന അന്തര്‍ദേശിയ സമ്മേളനം കൂടുതല്‍ വൈവിധ്യത്തോടെ തുടരുമെന്ന് കോണ്‍ഫറന്‍സ് മാനേജര്‍ പ്രേമ്ന സുബിന്‍ പറഞ്ഞു. ഡോ റെസിൻ രാജൻ നന്ദി പ്രകാശനം നടത്തി കോളോപ്രൊക്ടോളജി പരിശീലനങ്ങള്‍ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഡോ. ആര്‍ പദ്മകുമാറിന് ചടങ്ങില്‍ ഓണററി ഫെലോഷിപ്പ് നല്‍കി ആദരിച്ചു. ഡോക്ടര്‍ പ്രശാന്ത് രാഹത്തെ, ഡോ. മുഹമ്മദ് ഇസ്മയില്‍ (എഎസ് ഐ കേരള ചെയര്‍മാന്‍), ഡോ. എല്‍.ഡി. ലദുകര്‍ (ISCP സെക്രട്ടറി), ഡോ. ശാന്തി വര്‍ത്തനി (ISCP ട്രഷറര്‍), ഡോ. ദിനേഷ് ഷാ (ISCP സയന്റിഫിക്ക് കമ്മിറ്റി കണ്‍വീനര്‍) എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *