പൂരങ്ങളുടെ പൂരമായ ത്രിശ്ശൂർ പൂരത്തിന്റെ ചെറുപതിപ്പായി തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കാഴ്ച്ചയുടെ വിസ്മയ വിരുന്നൊരുക്കുന്ന പകൽ പൂരം വ്യാഴാഴ്ച്ചയാണ്.
പൗരാണിക ഗരിമകൊണ്ട് പ്രസിദ്ധമായ ക്ഷേത്രത്തിൽ തിരുപുര നാഥന്റെ പ്രൗഡി വിളിച്ചോതുന്ന വിധം പതിനഞ്ച് ഗജവീരൻമാരാണ് പകൽ പൂരത്തിന് അണിനിരക്കുന്നത്. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ഏണ്ണം പറഞ്ഞ ഗജരാജൻമാരാണ് ഓരോ വർഷവും തിരുപുരം പകൽപൂരത്തിന് ഏത്തുന്നത്.
സ്വർണ നെറ്റിപ്പട്ടവും ചമയങ്ങളുമണിഞ്ഞ് ഗാംഭീര്യത്തോടെ അണിനിരക്കുന്ന ഗജവീരൻമാർക്കു മുകളിൽ താളത്തിൽ ഉയർന്നു താഴുന്ന വെൺചാമരങ്ങളും ആലവട്ടങ്ങളും ദൃശ്യ വിരുന്നായി മാറും. ആനകൾക്കു മുകളിൽ വർണക്കുടകൾ മാറി മാറി ഉയരുന്ന കുടമാറ്റം പകൽ പൂരത്തിന്റെ ശോഭ വർദ്ധിപ്പിക്കും.
നൂറോളം വാദ്യ കലാകാരൻമാർ പെരുക്കിക്കയറുന്ന പാണ്ടിമേളവും , കരകാട്ടം മയിലാട്ടം ഏന്നിവയും പകൽ പൂരത്തിന്റെ പ്രത്യേകതയാണ് . ഹൈക്കോടതി നിർദ്ദേശങ്ങൾക്ക് വിധേയമായാണ് തിരുപുരം പകൽ പൂരത്തിന്റെ ക്രമീകരണങ്ങൾ. പൂരത്തിൽ അണിനിരക്കുന്ന ആനകൾ തമ്മിലുള്ള അകലം. , ജനങ്ങളുമായുള്ള അകലം. . അനുബന്ധ സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവ കർശനമായി പാലിച്ചും നടപ്പിലാക്കിയുമാണ് പൂരത്തിന്റെ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നത്. തിരുപുരം പകൽപൂരം പൂർവാധികം ഗംഭീരമാക്കുവാൻ ക്ഷേത്രോപദേശക സമിതിയും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.