മോഹന്‍ലാല്‍ വ്യത്യസ്ത ലുക്കില്‍; ‘വൃഷഭ’ നവംബറില്‍, പുതിയ പോസ്റ്റര്‍ പുറത്ത്

ഇന്ത്യന്‍ ചലച്ചിത്രലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പീരിയഡ് ഫാന്റസി ആക്ഷന്‍ ഡ്രാമ ‘വൃഷഭ’യുടെ റിലീസ് നവംബറിലേക്കു മാറ്റി. ഒക്ടോബര്‍ 16ന് തിയറ്ററുകളിലെത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ചിത്രം നവംബര്‍ ആറിന് പ്രദര്‍ശനത്തിനെത്തും. നന്ദ കിഷോര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘കംപ്ലീറ്റ് ആക്ടര്‍’ മോഹന്‍ലാലിനെ രണ്ടു വ്യത്യസ്ത ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ ലുക്ക് രാജകീയകസേരയില്‍ ഇരിക്കുന്നതാണ്. കാലിനുമുകളില്‍ കാല്‍കയറ്റിവച്ച് കാമറയിലേക്കു നേരിട്ടുനോക്കുന്ന തരത്തിലാണ് താരത്തിന്റെ ഇരിപ്പ്. മറ്റൊരു വേഷം, മോഹന്‍ലാല്‍ നീണ്ട മുടിയും കട്ടിയുള്ള താടിയും വച്ചതായിരുന്നു. നെറ്റിയില്‍ ത്രിശൂലക്കുറിയുമുണ്ട്. ‘ഭൂമി കുലുങ്ങുന്നു… ആകാശം കത്തുന്നു… വിധി അതിന്റെ യോദ്ധാവിനെ തെരഞ്ഞെടുത്തു. ‘വൃഷഭ’ നവംബര്‍ ആറിന് വരുന്നു..! -എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവച്ചത്. ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ആദ്യ ചിത്രമായിരിക്കും ‘വൃഷഭ’. മോഹന്‍ലാലിനൊപ്പം സമര്‍ജിത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയന്‍ സരിക എന്നിവരും പ്രധാനകഥാപാത്രങ്ങളായി അഭ്രപാളിയില്‍ എത്തും. കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോസും നിര്‍മിച്ച ചിത്രം തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *