സുബ്രഹ്മണ്യൻ അമ്പാടി, വൈക്കം
ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് ഊർജ്ജം പകരുന്നതിനും, വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പൊതുവഴികളിൽ അവർണ്ണ ജനവിഭാഗങ്ങൾക്ക് വഴി നടക്കുന്നതിന് വേണ്ടി നാടുവാഴി ഇണ്ടൻതുരുത്തി ദേവൻ നീലകണ്ഠൻ നമ്പ്യാതിരിയുമായി അനുര ജ്ഞന ചർച്ച ചെയ്യുന്നതിനുവേണ്ടി ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയഞ്ച് മാർച്ച് ഒൻപതിന് നൂറു വർഷം മുമ്പ് വൈക്കം ബോട്ട് ജെട്ടിയിൽ മഹാത്മാ ഗാന്ധി ഇറങ്ങി.
മഹാത്മാഗാന്ധിയുടെ അനുവാദദത്താടെ 1924 മാർച്ച് 30 ന് അവർണ്ണർക്ക് പൊതു വഴികളിലൂടെ വഴി നടക്കുന്നതിന് ആരംഭിച്ച വൈക്കം സത്യാഗ്രഹം അഹിംസയിലും, സഹനത്തിലും, സത്യത്തിലും അധിഷ്ഠിതമായിരുന്നു. സത്യാഗ്രഹ സമരസേനാനികളെ തിരുവിതാംകൂർ പോലീസും, സവർണ്ണ ഗുണ്ടകളും ചേർന്ന് ക്രൂരമായി മർദ്ദിച്ചുകൊണ്ടിരുന്നു. കണ്ണിൽ പച്ച ചുണ്ണാമ്പെഴുതി ,വ്യഷണങ്ങളിലും, ജനനേന്ദ്രിയത്തിലും നിഷ്ഠൂരമായി പരിക്കേൽപ്പിച്ചുകൊണ്ടിരുന്നു. സത്യാഗ്രഹ വഴികളിൽ കുപ്പിച്ചില്ലുകളും ഞെരിഞ്ഞിലും വിതറി. മഹാത്മഗാന്ധിയുടെ അഹിംസയിൽ അടിയുറച്ചു നിന്നു സമരക്കാർ എല്ലാ വിധത്തിലുള്ള ക്രൂരമായ പീഠനങ്ങളും ഏറ്റുവാങ്ങി സത്യാഗ്രഹത്തിൽ പങ്കെടുത്തു.
എറണാകുളത്തു നിന്ന് ബോട്ടു മാർഗ്ഗം ക്യത്യം 6 മണിക്ക് വൈക്കം ജെട്ടിയിൽ കാലു കുത്തി. സത്യാഗ്രഹാശ്രമം ജനറൽ മാനേജർ കെ.കേളപ്പൻ നായർ ഖദർഹാരം അണിയിച്ചു. ജെട്ടിയിലും, പരിസരങ്ങളിലും പതിനായിരക്കണക്കിന് ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു. പ്രത്യേകം തയ്യാറാക്കിയ പ്ലാറ്റ് ഫോമിൽ ഗാന്ധിജി ഇരുന്നു.എം.കെ പിള്ള പ്രധാന നേതാക്കളെ ഗാന്ധിജിക്കു പരിചയപ്പെടുത്തി. പൊതുജനങ്ങൾ മംഗള പത്രങ്ങൾ സമർപ്പിച്ചു. തിങ്കളാഴ്‌ച മൗനവ്രതമായിരുന്നതിനാൽ ഗാന്ധിജി മറുപടിയൊന്നും പറഞ്ഞില്ല.
നാളെ വൈക്കം ജെട്ടിയിൽ നടക്കുന്ന മഹാസമ്മേളനത്തിൽ മറുപടി പ്രസംഗം ധാന്ധിജി നടത്തുമെന്ന് മന്നത്തു പത്മനാഭപിള്ള അറിയിച്ചു. പ്ലാറ്റ്ഫോമിൽ നിന്നിറങ്ങി ഡോ. ഇ.എം നായിഡുവിന്റെ കാറിൽ സത്യാഗ്രഹാശ്രമത്തിലേക്ക് യാത്രയായി. റോഡുനിറയെ പൊതു ജനങ്ങൾ, സത്യാഗ്രഹ വാളണ്ടിയർമാർ, സിവിൽ വാളണ്ടിയർമാർ കാറിനു ചുറ്റും സുരക്ഷയൊരുക്കി.
വിഘ്യാത എഴുത്തുകാരൻ മലയാള സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അന്ന് വൈക്കം ഇംഗ്ലീഷ് സ്കൂളിൽ പഠിക്കുന്നു. ക്ലാസിൽ കയറാതെ ഗാന്ധിജിയെ കാണാൻ വൈക്കം ബോട്ടുജെട്ടിയിലെത്തി.
വൈക്കം ബോട്ടുജെട്ടിയിലും, കായലോരത്തും വലിയ തിരക്ക് എങ്ങും ബഹളം മറ്റു വിദ്യാർത്ഥികളോടൊന്നിച്ച് ബഷീറും തിക്കിത്തിരക്കി ജനക്കൂട്ടത്തിന് മുൻപിലെത്തി. ബോട്ടിൽ ഗാന്ധിജിയെ ദൂരെവച്ച് കണ്ടു. ജെട്ടിയിൽ ബോട്ടടുത്തു. ആയിരമായിരം കണ്ഠങ്ങളിൽ നിന്നും ശബ്ദം ഉയർന്നു. ഇന്ത്യയിലെ എല്ലാ അനീതികളോടുമുള്ള സമര പ്രഖ്യാപനം പോലെ ഉഗ്രമായ വെല്ലുവിളി പോലെ ആയിരമായിരം കണാങ്ങളിൽ നിന്നു കടലിരമ്പം മാതിരി മഹാത്മഗാന്ധി കി… ജയ് വിളികൾ ഉയർന്നു.
ആ അർദ്ധനഗ്നനായ ഫക്കീർ രണ്ടു പല്ലുപോയ മോണ കാണിച്ചു ചിരിച്ചുകൊണ്ട്’ തൊഴുകൈയോടെ കരയ്ക്കിറങ്ങി. വല്ലാത്ത ആരവം, തുറന്ന കാറിൽ അദ്ദേഹം മൊല്ല കയറിയിരുന്നു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിൻ്റെ ഇടയിലൂടെ കാർ സത്യാഗ്രഹാശ്രമത്തി ലേക്ക് പതുക്കെ നീങ്ങി. വിദ്യാർത്ഥികളിൽ പലരും കാറിൻ്റെ സൈഡിൽ തുങ്ങി നിന്നു. അക്കൂട്ടത്തിൽ ബഷീറും.
ആ ബഹളത്തിനിടയ്ക്ക് ബഷീറിനൊരാഗ്രഹം. ലോകവന്ദ്യനായ ആ മഹാത്മാവിനെ ഒന്നു തൊടണം. ഒന്നു തൊട്ടില്ലെങ്കിൽ താൻ മരിച്ചു വീണുപോകുമെന്ന് ബഷീറിന് തോന്നി. ലക്ഷോപലക്ഷം ജനങ്ങളുടെ നടുക്ക്, ആരെങ്കിലും കണ്ടാലോ? ബഷീറിന് ഭയവും പരിഭ്രമവുമുണ്ടായി. എല്ലാം മറന്നു ബഷീർ ഗാന്ധിജിയുടെ വലതു തോളിൽ പതുക്കെ തൊട്ടു ഗാന്ധിജി അവനെ നോക്കി മന്ദഹസിച്ചു.അന്നു സന്ധ്യയ്ക്കു വിട്ടിൽ ചെന്ന് അമ്മയോട് അഭിമാനത്തോടെ അവൻ പറഞ്ഞു.
“ഉമ്മാ ഞാൻ ഗാന്ധിയെ തൊട്ടു”.
(ബഷീറിന്റെ ഓർമ്മക്കുറിപ്പ്” എന്ന കഥാസമാഹാരത്തിൽ അമ്മ എന്ന കഥയിൽ നിന്ന്)
കരിക്കിൻ കുലകളും, കൊടിതോരണങ്ങളും സ്വാഗത വചനങ്ങളും കൊണ്ട് സത്യാ ഗ്രഹാശ്രമം അലങ്കരിച്ചിരുന്നു. ആശ്രമ കവാടത്തിൽ തടിച്ചുകൂടിയ ജനാവലിയെ ഗാന്ധിജി അഭിവാദ്യം ചെയ്തു. ടി.കെ മാധവൻ ഗാന്ധിജിയെ സ്വീകരിച്ചു. ഖദർ തുണി കൊണ്ട് പൊതിഞ്ഞ ഒരു മുറിയിൽ അദ്ദേഹം വിശ്രമിച്ചു.
മഹാകവി ചാലാ നാരായണൻ നായർ “കായൽക്കരയിൽ” എന്ന കവിതയിൽ
“വൈക്കത്താദ്യമായി കാൽകുത്തി ഗാന്ധിജി മോശമാകുമടിമത്ത കേരളം മോചനത്തിനു വിത്തു വിതച്ചതായി രാജശാസനം ക്ഷേത്ര പ്രവേശനം രാജമാനം പ്രചോദനം നൂനം”
603 ദിവസം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹത്തിന് മഹാത്മഗാന്ധിയുൾപ്പെടെയുള്ള ദേശിയ നേതാക്കൾ വന്നിറങ്ങിയ വൈക്കത്തെ പഴയ ബോട്ടുജെട്ടി തിരുവിതാംകൂർ രാജ ഭരണകാലത്തിൻ്റെ രാജകീയ ശംഖു മുദ്രയും പേറിനിൽക്കുന്ന ജെട്ടി ദേശിയ ചരിത്ര സ്മാരകമാക്കി സംരക്ഷിക്കപ്പെടേണ്ടതാണ്.