കോട്ടയം: ജനശതാബ്ദി എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്ത് റെയിൽവേ സംരക്ഷണ സേന. പിറവം റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിന് കല്ലെറിഞ്ഞ കേസിലെ പ്രതിയായ പശ്ചിമ ബംഗാൾ നദിയ നഗറുഖ ഹൈഘിപാര ഹർപാനിയ ജില്ലയിൽ പ്രകാശ് ധാലി(26)യെയാണ് കോട്ടയം ആർ.പി.എഫ് എസ്.എച്ച്.ഒ എൻ എസ് സന്തോഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാർച്ച് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. വൈകിട്ട് ആറരയോടെയാണ് പിറവം റെയിൽവേ സ്റ്റേഷനു സമീപത്തു വച്ച് ജനശതാബ്ദി എക്സ്പ്രസ്സിന്റെ ഡി-7 കോച്ചിനു നേരെ കല്ലേറുണ്ടായത്. കല്ലേറിൽ 104 നമ്പർ സീറ്റിലെ വനിതാ യാത്രക്കാരിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കോട്ടയത്ത് ട്രെയിനിന് നേരെ കല്ലേറ്;യാത്രക്കാരിയ്ക്ക് പരിക്ക്
