പറവൂർ:പ്രവാസി വ്യവസായി സംഘടിപ്പിച്ച 54 ആമത് യു.എ.ഇ.ദേശീയ ദിനാഘോഷം ശ്രദ്ധേയമായി. 42 വർഷമായി അബുദാബിയിൽ ഫയർ ആൻറ് സേഫ്റ്റി രംഗത്ത് പ്രവർത്തിച്ചു വരുന്ന തത്തപ്പിളളിമാനടിയിൽ സജീവനാണ് ബന്ധുക്കളേയും നാട്ടുകാരേയും ക്ഷണിച്ച് വസതിയിൽ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചത്. തൻ്റെ സ്ഥാപനമായ എവർ സേഫ് ഗ്രൂപ്പ് ഓഫ് കമ്പനീ സിൻ്റെയും തത്തപ്പിളളിമാനടിയിൽ കുമാരൻ ആൻ്റ് ജാനകി കുമാരൻ ഫൗണ്ടേഷൻ്റേയും സംയുക്താഭിമുഖ്യത്തിലായിരുന്നു ആഘോഷങ്ങൾ. വീടും പരിസരവും യു.എ.ഇ.പതാകകളാൽ അലങ്കരിച്ചിരുന്നു.പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സ്ഥാപിച്ച കൂറ്റൻ ബാനറിൽ അന്നം തരുന്ന നാടിന് സ്നേഹാദരവ് എന്ന വാക്യം ശ്രദ്ധിക്കപ്പെട്ടു. യു. എ. ഇ.യുടേയും ഇന്ത്യയുടേയും ദേശീയ ഗാനാലാപനത്തിന് ശേഷം മാ നടിയിൽ സജീവും സഹധർമ്മിണി സുമനയും മകൾ ഡോ.ഐശ്വര്യ സജീവും ചേർന്ന് യു. എ.ഇ.യുടെ ദേശീയ പതാകയുടെ മാതൃകയിൽ തയ്യാറാക്കിയ കേക്ക് മുറിച്ചു. ജാതി മത ഭേദ വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരെയും ഒന്നായി കാണുന്ന യു.എ.ഇ.യുടെ സംസ്ക്കാരം ലോകത്തിന് മാതൃകയാണെന്നും ലക്ഷക്കണക്കിന് മലയാളി കുടുംബങ്ങളിലെ ദാരിദ്യം മാറ്റിയത് യു.എ.ഇയാണെന്നും മാനടിയിൽസ ജീവൻ പറഞ്ഞു. തുടർന്ന് വർണാഭമായ കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു. ആഘോഷത്തിൻ്റെ ഭാഗമായി രാവിലെ തത്തപ്പിളളി ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഡു വിതരണവും നടന്നു.ആഘോഷ പരിപാടികൾക്ക് എം.എ.പ്രദീപ്, കെ.കെ.അബ്ദുള്ള, ദി നിൽ തത്തപ്പിളളി, ബിന്നി ടി.എസ്., ബിജു മാങ്കുഴി, ബിജു ചുള്ളിക്കാട്ട്, എ.കെ.നടേശൻ തുടങ്ങിയവർ നേതൃത്വം നൽകി.
തത്തപ്പിള്ളിയിൽ യു.എ.ഇ ദേശീയ ദിനാഘോഷം
