ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രി ഫോര്‍ എം.എസ്.എം.ഇ രജിസ്റ്റേഡ് ഓഫീസ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

കൊച്ചി : കേരളത്തിലെ എം.എസ്.എം.ഇ രംഗത്തിന് പുതിയ കരുത്തായി, ‘ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രി ഫോര്‍ എം.എസ്.എം.ഇ (CCI-MSME)’ സംസ്ഥാനതലത്തിലുള്ള പ്രവര്‍ത്തനം ഔദ്യോഗികമായി വിപുലീകരിച്ചു. ഇതിന്റെ ഭാഗമായി മലപ്പുറത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ രജിസ്റ്റേഡ് ഓഫീസ് ഇന്ന് മുതല്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരുടെ സര്‍വോന്‍മുഖ വളര്‍ച്ചയാണ് ചേംബര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴില്‍ നിര്‍മ്മാണത്തിനും പ്രധാന ആധാരമായ എം.എസ്.എം.ഇ മേഖലയുടെ ശേഷി ഉയര്‍ത്തി ഒരു സംരംഭക സൗഹൃദ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുകയാണ് സംഘടനയുടെ പ്രധാന ദൗത്യം.ചേംബര്‍, നവോത്ഥാന ചിന്തകള്‍ക്ക് പിന്തുണ നല്‍കുകയും നവസംരംഭകരെ വളര്‍ത്തുകയും നിലവിലുള്ള വ്യവസായങ്ങള്‍ സാങ്കേതികവും പ്രവര്‍ത്തനപരവുമായ ദിശകളില്‍ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. എം.എസ്.എം.ഇ മേഖലയെ സംഘടിതമായ ഒരു ശബ്ദമായും ശക്തമായ ഒരു കൂട്ടായ്മയായും മാറ്റുകയാണ് പ്രധാന ഉദ്ദേശ്യം.വാണിജ്യ നഗരമായ കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത് വഴി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനു കൂടുതല്‍ സൗകര്യപ്രദമാകും.കേരളത്തിലെ വ്യവസായ വളര്‍ച്ചക്ക് മാത്രമല്ല, ഒരു നവകേരളത്തിന്റെ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്നതിനും ചേംബര്‍ നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. സംരംഭകരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും പരിഹരിക്കുകയും അവരുടെ സംരംഭങ്ങളെ സംരക്ഷിക്കുകയും ചെയ്യാനുള്ള ശക്തമായ, ക്രമീകരിച്ച, ഏകോപിതമായ ഒരു പ്ലാറ്റ്ഫോം ആണ് CCI-MSME.കൊച്ചിയില്‍ ചേംബറിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവും സംരഭക സൗഹൃദമാക്കുന്നതിന്റെ ഭാഗമായി 2025 നവംബര്‍ 22ന് രാവിലെ 10.30 മണിക്ക് പാലാരിവട്ടം റിനൈ ഹോട്ടലില്‍ വച്ച് ഒരു സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കും. പരിപാടി മുന്‍ ചീഫ് സെക്രട്ടറി ശ്രീ. പി.എച്ച് കുര്യന്‍ ഉത്ഘാടനം ചെയ്യും. CCIMSME ചെയര്‍മാന്‍ എന്‍.എ മുഹമ്മദ്കുട്ടി സെമിനാറില്‍ അധ്യക്ഷനായിരിക്കും. ജനറല്‍ സെക്രട്ടറി ബൈജു നെടുങ്കേരി, കെഎസ്പിസി ഡയറക്ടര്‍ ശ്രീ. ഷാനവാസ്, ഡിഐസി ജനറല്‍ മാനേജര്‍ ശ്രീ. നജീബ് എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.ചേംബര്‍ ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ CCIMSME ചെയര്‍മാന്‍ എന്‍.എ മുഹമ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി ബൈജു നെടുങ്കേരി, ഭാരവാഹികളായ റസല്‍, ജോസി തുമ്പാനത്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *