പി.എം ശ്രീ: പദ്ധതി കേരളത്തിൽ നടപ്പിലാക്കരുത്:രാഷ്ട്രീയ യുവജനതാ ദൾ

കോഴിക്കോട്:ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ചർച്ച ചെയ്യാതെ പി.എം ശ്രീ പദ്ധതിയിൽ ഒപ്പ് വെച്ച സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.രാജ്യത്തിനകത്ത് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ആർ.എസ്.എസ് അജണ്ടകൾ പുതുതലമുറയുടെ ഉള്ളിൽ കുത്തിനിറയ്ക്കാൻ കണ്ടെത്തിയ കുറുക്കുവഴിയാണ് സംസ്ഥാനങ്ങളുടെ മേൽ വലിയ രീതിയിലുള്ള സമ്മർദ്ദം ചെലുത്തിക്കൊണ്ട് പി.എം ശ്രീ എന്ന പേരിൽ വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.ഫണ്ട് മാത്രം മാനദണ്ഡമാക്കി ഈ പദ്ധതിയുടെ ഭാഗമാകാൻ ശ്രമിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രത്യക്ഷ നയങ്ങൾക്ക് വിരുദ്ധമാണ് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതും.ആർ എസ്.എസ് വീക്ഷണമുള്ള ദേശീയ സങ്കൽപ്പങ്ങൾ വിദ്യാഭ്യാസ നയത്തിലൂടെ അവതരിപ്പിക്കുക എന്ന ഗൂഢ ലക്ഷത്തിന് കേരള സംസ്ഥാനവും വിധേയപ്പെടുന്നത് സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ആർ.വൈ ജെ.ഡി അഭിപ്രായപ്പെട്ടു.ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ചരിത്രത്തെ വളച്ചൊടിച്ച് ഇല്ലായ്മ ചെയ്യുന്ന പാഠ്യപദ്ധതികൾ രൂപീകരിക്കുമ്പോൾ രാജ്യത്തെ ഏക ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമായ കേരളം ഈ പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ സംഘപരിവാർ അജണ്ടകൾക്ക് കീഴ്പ്പെടുന്നത് മത-നിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾക്ക് ഏൽക്കുന്ന പ്രതിസന്ധിയാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖല പി.എം ശ്രീ പദ്ധതിയിലൂടെ പൂർണ്ണമായ കാവിവൽക്കരണത്തിന് വിദ്യാഭ്യാസ മേഖല തുറന്നു കൊടുക്കുന്നതിന് തുല്യമാണെന്ന് ആർ.വൈ.ജെ.ഡി ആശങ്ക പ്രകടിപ്പിച്ചു.നയപരമായ കാര്യങ്ങൾ മുന്നണി യോഗത്തിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ തീരുമാനങ്ങൾ എടുക്കാൻ പാടുള്ളൂ.കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ എത്തിയത്.അത് മറന്നുകൊണ്ട് ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.ഇത്തരം ആർ.എസ്.എസ് അജണ്ടകൾ നടപ്പിലാക്കാൻ നിന്നു കൊടുക്കണ്ട മുന്നണിയാണോ എൽ.ഡി.എഫ് എന്ന് നേതൃത്വം പരിശോധിക്കണം.സർക്കാരിനെ തിരുത്താൻ എൽ.ഡി.എഫ് നേതൃത്വം തയ്യാറാവണമെന്ന് ആർ.വൈ.ജെ.ഡി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *