കാളികാവിൽ വനംവകുപ്പിന് ഗുരുതര വീഴ്ച

Kerala Uncategorized

മലപ്പുറം: കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കടുവ അക്രമിച്ചുകൊന്ന സംഭവത്തിൽ വനംവകുപ്പിന് ഗുരുതര വീഴ്ച. കടുവയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചില്ല.രണ്ട് തവണയാണ് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തയച്ചത്. മാർച്ച് 12നാണ് കൂട് സ്ഥാപിക്കാൻ അനുമതി ആവശ്യപ്പെട്ട് ആദ്യം കത്തയച്ചത്. അതിന് മറുപടി ലഭിക്കാതെ വന്നതോടെ ഏപ്രിൽ രണ്ടിന് വീണ്ടും കത്തയച്ചു. ഇത്തരത്തിൽ രണ്ടു തവണ കത്തയച്ചിട്ടും ചീഫ് വൈൽഡ് ലൈഫ് വാർഡൻ കൂട് സ്ഥാപിക്കാൻ അനുമതി നൽകിയില്ല.എൻടിസിഎ മാർഗ്ഗനിർദ്ദേശ പ്രകാരം രൂപീകരിച്ച ടെക്നിക്കൽ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമായിരുന്നു കത്തയച്ചത്. ടെക്നിക്കൽ കമ്മറ്റിയുടെ റിപ്പോർട്ട് ഉൾപ്പടെ ചേർത്താണ് അനുമതി തേടി കത്തയച്ചത്. പ്രദേശത്ത് ജീവനും സ്വത്തിനും ഭീഷണിയായ കടുവയെ കൂടുവെച്ച് പിടിക്കണമെന്ന് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. കടുവയുടെ സാന്നിധ്യം ജനവാസ മേഖലയിലെന്നും അപകടമാണെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *