മൂന്നരവയസുള്ള മകളുടെയും അധ്യാപികയുടെയും ഉള്‍പ്പടെ മൊഴികള്‍ പ്രതികള്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നതായിരുന്നു. തുഷാരയെ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഭര്‍ത്താവും ഭര്‍തൃമാതാവും തുഷാരയെ സ്ഥിരം മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് സമീപവാസികള്‍ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത്. പഞ്ചസാര വെള്ളവും കുതിര്‍ത്ത അരിയും മാത്രമാണ് തുഷാരയ്ക്ക് നല്‍കിയിരുന്നതെന്നും മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
കേസില്‍ ചന്തുലാലും ഗീതയും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത് കഴിഞ്ഞ ദിവസമാണ്. ജഡ്ജി എസ് സുഭാഷാണ് ഇരുവരും കുറ്റക്കാരെന്ന് വിധിച്ചത്. ഇന്ത്യയില്‍ തന്നെ ഇത്തരം കേസ് ആദ്യ സംഭവമായിരിക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്. കേസില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊലപാതകം, സ്ത്രീധന പീഡനം, അന്യായമായി തടങ്കലില്‍ വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്. കോടതിയില്‍ 23 സാക്ഷികളെ വിസ്തരിച്ചു. 35 പ്രോസിക്യൂഷന് രേഖകള്‍ ഹാജരാക്കി. സാക്ഷിമൊഴികളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കേസില്‍ നിര്‍ണായകമായി എന്നാണ് പ്രോസിക്യൂഷന് പറഞ്ഞത്. ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ ഒന്നര വര്‍ഷം മുമ്പ് ഇത്തിക്കര ആറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതോടെ കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.