തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ട സംഭവത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. എന്റെ നിറത്തിൽ എനിക്ക് സന്തോഷമെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി സംസാരിച്ചു തുടങ്ങിയത്. പുരോഗമന കേരളം എന്ന ലക്ഷ്യത്തിലേക്ക് പോവുകയാണെന്നും ആ തുടർക്കഥയിലെ ചാപ്റ്റർ മാത്രമാണിതെന്നും ശാരദ മുരളീധരൻ പറഞ്ഞു. ഒരിക്കലും ജോലിയെ നിറത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുമെന്ന് കരുതിയില്ല. അപ്രതീക്ഷിതമായിരുന്നു പരാമർശം. പറഞ്ഞ ആൾ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. ആരാണ് ഇങ്ങനെ പറഞ്ഞതെന്ന് പറയില്ലെന്നും അറിയാതെ ഇരിക്കട്ടെയെന്നും ചീഫ് സെക്രട്ടറി.
ആദ്യം പോസ്റ്റ് പിൻവലിച്ചിരുന്നു. വേണു പിന്തുണ നൽകയതോടെയാണ് വീണ്ടും പോസ്റ്റിട്ടത്. ഇത് സമൂഹത്തിൽ വരേണ്ട മാറ്റമാണ്. പലർക്കും നിറം കറുപ്പായതിനാൽ ജോലി നഷ്ടമായിട്ടുണ്ട്. മനസിൽ ഒന്നും കൊണ്ടു നടക്കില്ല. അതുകൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നും ശാരദ മുരളീധരൻ വ്യക്തമാക്കി.നിറത്തിന്‍റെ പേരിൽ അപമാനിക്കപ്പെട്ടെന്ന ചീഫ് സെക്രട്ടറിയുടെ തുറന്നെഴുത്തിന് പൊതു സമൂഹത്തിന്‍റെ വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. കറുപ്പിനെന്താ കുഴപ്പം എന്ന ടാഗ് ലൈനോട് കൂടി സമൂഹ മാധ്യമങ്ങളിലടക്കം വലിയ സ്വീകാര്യതയാണ് ശാരദാ മുരളീധരന് കിട്ടുന്നത്.