കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തിന്റെ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്.തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐ.എസ്.എല്‍. മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ ആശങ്ക വ്യക്തമാക്കിയത്. 12000-ഓളം പേർ പങ്കെടുത്ത മെഗാനൃത്തപരിപാടിക്കുപിന്നാലെ സ്റ്റേഡിയം പരിശോധിക്കാൻ ടീം തീരുമാനിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും മികച്ച ഗ്രൗണ്ടുകളില്‍ ഒന്നാണ് കലൂർ സ്റ്റേഡിയം. കായിക മത്സരങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടില്‍ കായിക ഇതര പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ മൈതാനം പൂർണമായും നശിക്കുന്ന അവസ്ഥയിലാണെന്ന് ക്ലബ് അധികൃതർ വിലയിരുത്തി.