കടുത്തുരുത്തി : തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ നവീകരണ കലശത്തിന്റെ മുന്നോടിയായി നടന്ന കുലവാഴ പുറപ്പാടും താലപ്പൊലി ഘോഷയാത്രയും ഭക്തി നിർഭരമായി നടന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ക്ഷേത്രത്തിൽ നിന്നും നൂറ് കണക്കിന് വാഹനങ്ങളുടെ ആകമ്പടിയോടെ രഥഘോഷയാത്രയായി കുലവാഴ പുറപ്പാട് തുടങ്ങി. വിവിധ കരകളിലും ക്ഷേത്രങ്ങളിലും നടന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങിയും കുലവാഴകൾ സ്വീകരിച്ചും വൈകിട്ട് അഞ്ചു മണിയോടെ ഘോഷയാത്ര അരുണാശേരിയിൽ എത്തിചേർന്നു.
തുടർന്ന് നൂറ് കണക്കിന് ബാലികമാരും സ്ത്രീജനങ്ങളും അണിനിരന്ന വർണ്ണാഭമായ താലപ്പൊലി ഘോഷയാത്രയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നു. 6.30 ന് ദീപാരാധനക്ക് ശേഷം തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരി ഭദ്രദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും നടത്തി.സോപാനരത്നം അമ്പലപ്പുഴ വിജകുമാറിന്റെ സോപാന സംഗീതത്തിന് ശേഷം അന്നദാനത്തോടെ അഷ്ടബന്ധ കലശത്തിന്റെ ആദ്യ ദിവസത്തെ പരിപാടികൾ സമാപിച്ചു.എല്ലാ ദിവസവും ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം പ്രഭാഷണങ്ങളും.ഭജൻസും ഉണ്ട്. മുപ്പതാം തിയതി രാവിലെ 7 നും 9 നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ അഷ്ടബന്ധ നവീകരണ കലശം നടക്കും.