ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ 50ഓളം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായി റിപ്പോർട്ട്. വിനോദ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. ജമ്മു കശ്മീരിലുടനീളമുള്ള 50 ഓളം പൊതു പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഹൽഗാം ഭീകരാക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനുള്ള തീരുമാനം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
കശ്മീരിൽ ആകെ 87 പൊതു പാർക്കുകളും ഉദ്യാനങ്ങളുമാണുള്ളതെന്നാണ് കണക്കുകൾ. ഇതിൽ 48 എണ്ണത്തിന്റെ ഗേറ്റുകൾ അടച്ചിട്ടിരിക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദൂഷ്പത്രി, കൊക്കർനാഗ്, ദുക്സം, സിന്താൻ ടോപ്പ്, അച്ചബാൽ, ബംഗസ് വാലി, മാർഗൻ ടോപ്പ്, തോസാമൈദാൻ തുടങ്ങിയ പ്രശസ്തമായവയും പ്രശസ്തിയാർജിച്ചു വരുന്നതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടവയിൽ ഉൾപ്പെടുന്നു.