തൃശൂർ: ഗുരുവായൂര്‍ ദേവസ്വത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്ന സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ഗുരുവായൂര്‍ ദേവസ്വത്തിന് നിര്‍ദേശം.
ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളി കൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് ഈ മാസം 21ന് വിഷയം വീണ്ടും പരിഗണിക്കും.സ്വര്‍ണ്ണം-വെള്ളി ലോക്കറ്റ് വില്‍പ്പനയില്‍ ലഭിച്ച തുകയില്‍ 27 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയതായാണ് ഓഡിറ്റ് വിഭാഗം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. 2019 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് തിരിമറി. ബാങ്ക് നല്‍കുന്ന ക്രെഡിറ്റ് സ്ലിപ്പും, അക്കൗണ്ടിലെത്തിയ തുകയും തമ്മിലാണ് 27 ലക്ഷത്തിലധികം രൂപയുടെ വ്യത്യാസം.
സി സി ടി വി സ്ഥാപിച്ച വകയില്‍ കരാറുകാരന് തുക നല്‍കിയതിലും നഷ്ടം സംഭവിച്ചതായും കണ്ടെത്തി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം സി സി ടി വി സ്ഥാപിച്ചതിന്റെ തുക ദേവസ്വം ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചത്. പ്രസാദ് ഫണ്ടില്‍ തുക നീക്കിയിരുപ്പുണ്ടായിരുന്ന സമയത്തായിരുന്നു നടപടി.