ദില്ലി: സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾ ഇന്ന് തുടങ്ങും. 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ത്യയിൽ 7842 പരീക്ഷ കേന്ദ്രങ്ങളിലയിട്ടാണ് പരീക്ഷകൾ നടക്കുക. വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മാർച്ച് 18 വരെയാണ് പത്താം ക്ലാസ് പരീക്ഷകൾ. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ നാലിന് അവസാനിക്കും.
ആദ്യ പരീക്ഷാദിനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്), ഇംഗ്ലീഷ്(ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ) വിഷയവും +2 വിദ്യാർത്ഥികൾ എന്റർപ്രീനർഷിപ്പ് പരീക്ഷയുമാണ് നൽകുക. ഇന്ത്യയിലും വിദേശത്തുമായി 8000 സ്കൂളുകളിലായി 42 ലക്ഷം വിദ്യാർത്ഥികളിലേറെയാണ് പരീക്ഷ അഭിമുഖീകരിക്കുന്നത്. സ്ഥിരം സ്കൂൾ വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡിനൊപ്പം സ്കൂൾ തിരിച്ചറിയൽ കാർഡ് കൊണ്ട് വരണം. സ്വകാര്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡിനൊപ്പം സർക്കാർ അംഗീകരിച്ച തിരിച്ചറിയൽ കാർഡാണ് കൊണ്ടുവരേണ്ടത്.