*യൂസഫ് അരിയന്നൂർ*
ഗുരുവായൂർ:സംഗീതജഗത്തിൽ അപൂർവ പ്രതിഭയായി വിലസിയ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണാർഥം,ഏകാദശിയുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം സംഘടിപ്പിക്കുന്ന അമ്പതാമത് ചെമ്പൈ സംഗീതോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം.15 ദിവസം നീണ്ടുനിൽക്കുന്ന സംഗീത മഹോത്സവം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷനായി.
ചെമ്പൈ, സംഗീതത്തിന് സമർപ്പിച്ച അതുല്യ പ്രതിഭയെന്നും സംഗീതത്തിന്റെ ധാർമികതയും മനോധർമ്മവും ശിഷ്യർക്കു പകർന്നു നൽകിയ ഗുരുശ്രേഷ്ഠനെന്നും മന്ത്രി ചടങ്ങിൽ അനുസ്മരിച്ചു.
ഈ വർഷത്തെ ചെമ്പൈ പുരസ്കാരം പ്രശസ്ത വയലിനിസ്റ്റ് പത്മശ്രീ എ. കന്യാകുമാരിക്ക് മന്ത്രി ബിന്ദു സമ്മാനിച്ചു. 50001 രൂപയും ശ്രീകൃഷ്ണ രൂപം ആലേഖനം ചെയ്ത പത്തു ഗ്രാം ലോക്കറ്റ്, ഫലകം, പ്രശസ്തി പത്രം എന്നിവയടങ്ങുന്നതാണ് പുരസ്കാരം .സംസ്ഥാന സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണിഗായകനുള്ള അവാർഡ് നേടിയ പി.എസ്. വിദ്യാധരൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.ഉദ്ഘാടന ചടങ്ങിന് ശേഷം എ. കന്യാകുമാരിയുടെ വയലിൻ കച്ചേരി സംഗീതോത്സവ സംഗീതത്തിന്റെ മഹാമന്ത്രം തീർത്തു.
എൻ.കെ. അക്ബർ എം.എൽ.എ മുഖ്യാതിഥിയായി.ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, വി.ജി. രവീന്ദ്രൻ, കെ.പി. വിശ്വനാഥൻ, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളായ വൈക്കം വേണു ഗോപാൽ, എൻ. ഹരി, ചെമ്പൈ സുരേഷ്, ആനയടി പ്രസാദ്, ഡോ ഗുരുവായൂർ കെ. മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.