കോഴിക്കോട്: ലോക കരൾ ദിനത്തോട് അനുബന്ധിച്ച് കരൾ മാറ്റ ശസ്ത്രക്രിയക്ക് തയ്യാറാവുന്ന രോഗികൾക്ക് വേണ്ടി ഉത്തര കേരളത്തിലെ ആദ്യ കരൾ സ്വാപ്പ് ട്രാൻസ്‌പ്ലാൻറ് രജിസ്ട്രേഷൻ കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും ,അവരുടെ ബന്ധുക്കളും ഒത്തുചേർന്ന “കരളോളം” പരിപാടിയിൽ വെച്ച് പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ഥ സിനിമാ താരം നിർമ്മൽ പാലാഴി നിർവ്വഹിച്ചു. സ്വാപ്പ് ട്രാൻസ്പ്ലാൻ്റെഷൻ എന്നത് ഒരു രോഗിക്ക് സന്നദ്ധനായ ദാതാവുണ്ടെങ്കിലും അവരുടെ രക്തഗ്രൂപ്പ് പൊരുത്തപ്പെടാത്തപ്പോൾ നടത്തുന്ന ഒരു പ്രക്രിയയാണ്. രണ്ടോ അതിലധികമോ രോഗി – ദാതാവ് ജോഡികൾക്കിടയിൽ ഇത്തരം ബുദ്ധിമുട്ട് നിലനിൽക്കുമ്പോൾ, ദാതാക്കളുടെ രക്തഗ്രൂപ്പ് അനുയോജ്യതയും അവയവ പൊരുത്തവും അടിസ്ഥാനമാക്കി ദാതാക്കളെ പരസ്പരം മാറ്റി സർജറിയിലൂടെ രോഗികളുടെ ജീവൻ രക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യംമെന്ന് ഗാസ്‌ട്രോ & ലിവർ ട്രാൻസ്‌പ്ലാൻ്റ് വിഭാഗം മേധാവി ഡോ.സജീഷ് സഹദേവൻ പറഞ്ഞു.നേരിട്ട് ദാനം സാധ്യമല്ലാത്തപ്പോഴാണ് ഈ രീതി പ്രധാനമായും ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 20,000 കരൾ രോഗികൾക്ക് ട്രാൻസ്പ്ലാൻറേഷൻ ആവശ്യമാണ്. എന്നാൽ നിലവിൽ ദാതാക്കളുടെ രക്തഗ്രൂപ്പ് അനുയോജ്യതയും അവയവ പൊരുത്തവും യോജിച്ച് വരാത്തതിനാൽ 2000-ൽ താഴെ മാത്രമേ ലിവർ ട്രാൻസ്പ്ലാൻറുകൾ നടക്കുന്നുള്ളൂ.
പരമാവധി രോഗികളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണ് കോഴിക്കോട് ആസ്റ്റർ മിംസ് സ്വാപ്പ് ട്രാൻസ്പ്ലാൻഷൻ രജിസ്ട്രി സംരംഭം ആരംഭിച്ചതെന്ന് ഗസ്‌ട്രോ സയൻസ് വിഭാഗം മേധാവി ഡോ. അനീഷ് കുമാർ പറഞ്ഞു. ഇത് രക്തഗ്രൂപ്പിലെ പൊരുത്തക്കേട് കൊണ്ടും അവയവ പൊരുത്തപ്പെടുത്തലുകൊണ്ടും വെല്ലുവിളികൾ നേരിടുന്ന രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ചടങ്ങിൽ മിംസ് സി ഒ ഒ ലുഖ്മാൻ പൊൻമാടത്ത്, ഡോ. അഭിഷേക് രാജൻ,ഡോ.ടോണി ജോസ്, ഡോ.വിഘ്നേഷ് വി,ഡോ.കിഷോർ കാണിച്ചാലിൽ, ഡോ.സീതാ ലക്ഷ്മി, ലിഫോക്ക് സ്റ്റേറ്റ് ചെയർമാൻ രാജേഷ് കുമാർ, ട്രഷറർ ബാബു കുരുവിള തുടങ്ങിയവർ പങ്കെടുത്തു.