കൊച്ചി: ആലുവ മുപ്പത്തടത്ത് കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. നെടുമ്പാശ്ശേരി കപ്രശ്ശേരി സ്വദേശി പ്രദീപ്(45) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ബിനാനിപുരം പൊലീസ് സ്റ്റേഷന് സമീപം മുപ്പത്തടം സ്വദേശി സുനിലിന്റെ വീടിന്റെ കോൺക്രീറ്റ് ജോലിക്കുശേഷം യന്ത്രം വൃത്തിയാക്കവെയാണ് അപകടം. യന്ത്രം ഓഫ് ചെയ്യാതെ തല അകത്തേക്ക് നീട്ടിയായിരുന്നു വൃത്തിയാക്കിയത്. ഇതിനിടെ തല അകത്ത് കുടുങ്ങുകയായിരുന്നു. ഉടൻ യന്ത്രം നിർത്തി ആളെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
ബിനാനിപുരം പൊലീസ് എത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.