കരീമഠം (കുമരകം) : അയ്മനം ഒന്നാം വാർഡിൽ പുഷ്പ്പതടത്തിൽ വീട്ടിൽ സജിമോന്റെ മത്സ്യകൃഷിയാണ് നീർനായകൾ നശിപ്പിച്ചത്. വിളവെടുത്ത് വിൽപ്പനയ്ക്കായ് പുഴയിൽ വലയ്ക്കുള്ളിൽ ശേഖരിച്ച സിലോപ്പിയ, വരാൽ എന്നീ മത്സ്യങ്ങളെയാണ് തിങ്കളാഴ്ച രാത്രി നീർനായകൾ തിന്നു തീർത്തത്.
കുളങ്ങളിലും മറ്റും വളർത്തുന്ന മത്സ്യത്തെ വിൽപ്പനയ്ക്ക് എത്തിക്കുന്നതിനു മുൻപ് വിളവ് എടുത്ത് ജീവനോടെ സൂക്ഷിക്കുന്നതിന് പുഴയിൽ വലകൊണ്ട് ബോക്സ് തിരിച്ച് അതിൽ സൂക്ഷിക്കുക പതിവാണ്.
മുൻ കാലങ്ങളിലും ഇങ്ങനെ മത്സ്യങ്ങളെ പുഴയിൽ വല കെട്ടി അതിൽ ശേഖരിക്കാറുള്ളതാണ്. അങ്ങനെ സൂക്ഷിച്ചിരിക്കുന്നതിനിടയിലാണ് കൂട്ടമായി എത്തിയ നീർനായകൾ മുഴുവൻ മീനുകളെയും ഭക്ഷിച്ചത്.മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ ആക്രമണമാണിത്. ആദ്യ ആക്രമണത്തിൽ പുഴയോട് ചേർന്ന് കുളത്തിൽ വളർത്തിയിരുന്ന രണ്ടായിരത്തോളം ഹൈബ്രിഡ് വരാലുകളെയാണ് നഷ്ടമായത്. 2 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാധമികമായി കണക്കാക്കുന്നത്. പതിനൊന്ന് വർഷമായി സർക്കാരിന്റെ സബ്സീഡി ഉൾപ്പെടെ യാതൊരുവിധ ആനുകൂല്ല്യങ്ങളും കിട്ടുന്നില്ലെന്നും, യഥാർത്ഥ കർഷകർ പ്രതിസന്ധിയിൽ ആണെന്നും സജിമോൻ പറഞ്ഞു.
2023 ലെ അയ്മനം പഞ്ചായത്തിലെ മികച്ച മത്സ്യ കർഷകനുള്ള അവാർഡ് നേടിയ കർഷകനാണ് സജിമോൻ. അടുത്ത കൃഷിക്കായുള്ള മത്സ്യ കുഞ്ഞുങ്ങളെ എങ്ങനെ വാങ്ങും എന്ന ആശങ്കയിലാണ് കർഷകൻ.