കൊല്ലം: പൂര്‍ണ വളര്‍ച്ചയെത്തിയ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതിയായ മാതാവ് പുത്തൂര്‍ കാരിക്കല്‍ കൊല്ലരഴികത്ത് വീട്ടില്‍ അമ്ബിളിക്ക് (29) ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ.കൊല്ലം ഫസ്റ്റ് അഡീഷനല്‍ സെഷൻസ് ജഡ്ജി പി.എൻ. വിനോദാണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട നവജാതശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത കുറ്റത്തിന് ഒരുവര്‍ഷം കഠിനതടവിനുകൂടി ശിക്ഷിച്ചിട്ടുണ്ട്. ഭര്‍ത്താവായ മഹേഷിനെ വെറുതെ വിട്ടു.
2018 ഏപ്രില്‍ 17നാണ് കൊല്ലം പവിത്രേശ്വരം ഗുരുനാഥൻനട ക്ഷേത്രത്തിന് സമീപം പാങ്ങോട്ട് പുരയിടത്തില്‍ തെരുവുനായ്ക്കള്‍ കടിച്ച നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ മുറിഞ്ഞ നിലയില്‍ കാണപ്പെട്ട മൃതദേഹം അഴുകിയ നിലയിലായിരുന്നു. പ്രദേശവാസികളുടെയും ആശാവര്‍ക്കറുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ അമ്ബിളിയും ഭര്‍ത്താവ് മഹേഷും അറസ്റ്റിലായത്.ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുെവക്കുകയും ഗര്‍ഭഛിദ്രത്തിന് പലതവണ ശ്രമിക്കുകയും ചെയ്തതാണ് മഹേഷിനെതിരെ ചുമത്തിയ കുറ്റം. പ്രതികള്‍ക്ക് രണ്ടരവയസ്സുള്ള ആണ്‍കുഞ്ഞുണ്ടായിരുന്നു. 2017 ഒക്ടോബറില്‍ വീണ്ടും ഗര്‍ഭിണിയായതിനെതുടര്‍ന്ന് സ്വകാര്യആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്ന് ഭര്‍ത്താവ് വാങ്ങി നല്‍കിയ ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചു. സംഭവദിവസം അയല്‍പക്കത്തുള്ള അടുത്ത ബന്ധുവിന്റെ വീട്ടില്‍ വച്ച് പ്രസവിച്ച കുഞ്ഞിനെ പൊക്കിള്‍കൊടി മുറിച്ചുമാറ്റിയ ശേഷം നെഞ്ചിലമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വീട്ടുമുറ്റത്ത് കുഴിയെടുത്ത് കുഞ്ഞിനെ കുഴിച്ചുമൂടി. പിന്നീട് തെരുവുനായ്ക്കള്‍ കുഴി മാന്തി മൃതശരീരം അടുത്തുള്ള പറമ്ബില്‍ കൊണ്ടിടുകയായിരുന്നു. 2018 ഏപ്രില്‍ 20നാണ് സമീപത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ മൃതദേഹം കണ്ടത്. സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായിരുന്നു. ഗര്‍ഭിണിയായിരുന്നെന്ന കാര്യം അമ്ബിളി മനഃപൂര്‍വം മറച്ചുവെന്നും കൃത്യം നടന്ന സമയത്ത് അമ്ബിളി പ്രസവിച്ചെന്നും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും കുഞ്ഞിന്റെ അമ്മ അമ്ബിളി തന്നെയാണെന്ന് ഡി.എൻ.എ പരിശോധനയുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കല്‍ ഹാജരായി. പ്രോസിക്യൂഷന് സഹായിയായി പ്രവര്‍ത്തിച്ചത് വനിത സി.പി.ഒ ദീപ്തി ആയിരുന്നു. പുത്തൂര്‍ എസ്.ഐ ആയിരുന്ന ഡി. ദീപു രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കേസില്‍ തുടര്‍ന്ന് അന്വേഷണചുമതല സ്റ്റേഷൻ ഇൻസ്പെക്ടര്‍മാരായ ഒ.എ. സുനില്‍കുമാര്‍, ആര്‍. രതീഷ് കുമാര്‍, ടി. വിജയകുമാര്‍ എന്നിവര്‍ക്കായിരുന്നു.