പുതുവർഷത്തിലെ ആദ്യ ദിനമായ ഇന്ന് ശബരിമലയിൽ വൻ ഭക്തജന തിരക്ക്. കേരളത്തിന് അകത്തും പുറത്തുനിന്നുമായി നിരവധി ഭക്തരാണ് രാവിലെ മുതൽ അയ്യനെ തൊഴുത് മടങ്ങുന്നത്. ഭക്തജന തിരക്ക് വർദ്ധിച്ചതോടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മണ്ഡലപൂജക്ക് ശേഷം മകരവിളക്ക് ഉത്സവത്തിനായി രണ്ട് ദിവസം മുൻപാണ് ശബരിമല നട തുറന്നത്. ഇന്ന് രാവിലെ 3:00 മണിക്ക് നട തുറക്കുന്നതിന് മുൻപ് തന്നെ വലിയ തോതിലുള്ള ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.
ഇന്ന് പുലർച്ചെ നിർമ്മാല്യ ദർശനത്തിനും, ഗണപതിഹോമത്തിനും, പതിവ് അഭിഷേകത്തിനും ശേഷം 3:30 മുതലാണ് നെയ്യഭിഷേകം ആരംഭിച്ചത്. രാവിലെ 7:00 മണി വരെയും തുടർന്ന് 8:00 മണി മുതൽ 11:30 വരെയുമാണ് നെയ്യഭിഷേകം നടന്നത്. പുതുവർഷ ദിനത്തിൽ 18,018 നെയ്യ് തേങ്ങകളാണ് ലഭിച്ചത്.