ഏറ്റുമാനൂർ :ഏറ്റുമാനൂരിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കുവാൻ 32 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മന്ത്രി വി.എൻ. വാസവന്റെ ഇടപെടലുകളെത്തുടർന്നാണ് ഭരണാനുമതി ലഭിച്ചതെന്ന് എറ്റുമാനൂർ ബാർ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറത്തു.
മണ്ഡല വികസന ശിൽപ്പശാലയിലെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു കോടതി സമുച്ചയം. മുൻസിഫ് കോടതി, ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി എന്നിവ പഴയ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 110 വർഷത്തിലധികം പഴക്കമുള്ള കോടതി, കെട്ടിടം കാലപ്പഴക്കം മൂലം നിലം പൊത്താറായ അവസ്ഥയിലായിരുന്നു. പിന്നീട് പഴയ കെട്ടിടത്തിന്റെ അവസ്ഥ പരിഗണിച്ച് കുടുംബ കോടതി കെട്ടിടത്തിലേക്ക് കോടതികളുടെ പ്രവർത്തനം തുടർന്നു.പഴയ കെട്ടിടം പൊളിച്ച് അതേസ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മി ക്കുന്നത്.ആറു നിലകളിലായി 51142 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന ഈ കെട്ടിടത്തിൽ മുൻസിഫ് കോടതി, ജുഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി, ബാർ അസോസിയേഷൻ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ്, അഡ്വക്കേറ്റ് ക്ലർക്ക്സ് റൂം, പോലീസ് റൂം, കാന്റീൻ എന്നിവ പ്രവർത്തിക്കും. എറ്റുമാനൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് സിബി വെട്ടൂർ ,സെക്രട്ടറി കെ. ആർ മനോജ് കുമാർ, വൈസ് പ്രസിഡന്റ് ജെസി മോൾ ജോസഫ്,ട്രഷറർ ജെയ്സൺ ജോസഫ് ജി.സുരേഷ്, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.