കടുത്തുരുത്തി: പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ മുളക്കുളം ശ്രീലക്ഷ്മണ ബോട്ട് ക്ലബ് പരിശീലനം തുടങ്ങി. 18 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോട്ടപ്പുറത്തിന്റെ കരുത്തിൽ ശ്രീലക്ഷ്മണ ബോട്ട് ക്ലബ്ബ് നെഹ്റുട്രോഫി വള്ളംകളിയിൽ തുഴയെറിയുന്നത്. മത്സരത്തിനായുള്ള പരിശീലനം മൂവാറ്റുപുഴയാറിലെ മുളക്കുളം ആറാട്ടുകടവിൽ ആരംഭിച്ചു. വെപ്പ് എ ട്രേഡ് വിഭാഗത്തിലാണ് മത്സരിക്കുന്നത്. 1982 ലാണ് മുളക്കുളം ശ്രീലക്ഷ്മണ ബോട്ട് ക്ലബ് ആദ്യമായി പുന്നമടക്കായലിൽ മത്സരിക്കുന്നത്. ഇരുട്ടുകുത്തി വിഭാഗത്തിൽ മിന്നൽ തങ്കത്തിൽ മത്സരിച്ചെങ്കിലും തുഴപ്പാടുകൾക്ക് തോറ്റു രണ്ടാം സ്ഥാനം നേടി. 83, 84, 85 ൽ പടക്കുതിരയിൽ ഇരുട്ട് കുത്തി വിഭാഗത്തിൽ എ.ഗ്രേഡിൽ ഹാട്രിക് വിജയം നേടി. പിന്നീട് 87, 88, 89 ൽ വെപ്പ് എ ഗ്രേഡിൽ പുന്നത്തറ വെങ്ങാഴിയിൽ ഹാട്രിക് വിജയം നേടി. 1991 ൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ കല്ലൂപ്പറമ്പനുമായി ആദ്യമായി പുന്നമടയിലെത്തിയെങ്കിലും രണ്ടാം സ്ഥാനം കരസ്ഥമാക്കാനെ കഴിഞ്ഞുള്ളു. പിറ്റേ വർഷം കല്ലൂപ്പറമ്പനുമായി എത്തി നെഹ്രു ട്രോഫി കരസ്ഥമാക്കി. 95 ൽ ആനാരി പുത്തൻ ചുണ്ടനിൽ രണ്ടാം സ്ഥാനം നേടി. അവസാനമായി മുളക്കുളം ടീം പുന്നമടയിൽ എത്തിയത് 2006 ലാണ്. ജലചക്രവർത്തി കാരിച്ചാലിൽ മിന്നും പ്രകടനം കാഴ്ചവച്ചെങ്കിലും വിജയം നേടാനായില്ല..പിന്നീട് പല കാരണങ്ങൾ കൊണ്ട് നെഹ്രു ട്രോഫിയിൽ മത്സരിക്കാനായില്ല. ഈ വർഷം വെപ്പു വള്ളങ്ങളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം നേടാനുള്ള പരിശ്രമത്തിലാണ് മുളക്കുളം ശ്രീലക്ഷ്മണ ബോട്ട് ക്ലബ്. മുളക്കുളം, കളമ്പൂർ കരകളിലെ മത്സ്യത്തൊഴിലാളികളും, കർഷക തൊഴിലാളികളും ഉൾപ്പെടെയുള്ളവരാണ് പരിശീലനത്തിനായി ഏർപ്പെട്ടിരിക്കുന്നത്. മുളക്കുളം ആറാട്ടുകടവിൽ നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ.നിർവഹിച്ചു. പിറവം നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്തു. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.എസ്. ശരത്, മുളക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.ആർ. സജീവൻ, അരുൺ കെ.ആർ, അജിത് കുമാർ, അനിതാ സണ്ണി, പിറവം നഗരസഭ കൗൺസിലർമാരായ, കെ.പി സലിം, ഷീല ജോസഫ്, വിമൽ ചന്ദ്രൻ, അന്നമ്മ ഡോമി, ജിൻസ് പെരിയപ്പുറം, പ്രശാന്ത് മമ്പുറത്ത്, സാബു കെ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
നെഹ്‌റു ട്രോഫി വള്ളംകളിയിൽ തുഴയെറിയാൻ ഇത്തവണ മുളക്കുളം ശ്രീലക്ഷ്മണ ബോട്ട്ക്ലബ്ബും
