ഫുട്ബോള്‍ സൗഹൃദമത്സരം വൈകീട്ട് 7.30ന്
നെടുങ്കണ്ടം കിഴക്കേക്കവലയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച സ്റ്റേഡിയം നാളെ (ഫെബ്രുവരി 3) വൈകീട്ട് 3 ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ എം.എം മണി എം.എല്‍.എ അധ്യക്ഷത വഹിക്കും. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കായിക പ്രതിഭകളെ ആദരിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് ഡയറക്ടര്‍ രാജീവ് കുമാര്‍ ചൗധരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. 6 മണിക്ക് അക്രോബാറ്റിക് ജൂഡോ ഷോയും 6.30 ന് കരാട്ടേ പ്രദര്‍ശനവും ഉണ്ടാകും. കൂടാതെ 7.30 ന് ചങ്ങനാശ്ശേരി എസ്.ബി കോളേജും കോട്ടയം ബസോലിയോസ്സ് കോളേജും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരവും സ്റ്റേഡിയത്തില്‍ അരങ്ങേറും.കായികവകുപ്പും കിഫ്ബിയും ചേര്‍ന്ന് 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ഫിഫ നിലവാരത്തില്‍ നിര്‍മിച്ച ഫുട്ബോള്‍ ഫീല്‍ഡ്, എന്നിവയാണ് രാത്രിയിലും പകലും ഒരു പോലെ മത്സരം നടത്താന്‍ കഴിയുന്ന ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിന്റെ സവിശേഷതകള്‍. ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത സിന്തറ്റിക് മെറ്റിരിയല്‍സ് ഉപയോഗിച്ചാണ് 13.2 മില്ലി മീറ്റര്‍ കനത്തില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ട്രാക്കിന്റെ ആദ്യ ഭാഗം പത്ത് ലൈനുകള്‍ ഉള്ള നൂറ് മീറ്റര്‍ ട്രാക്കും ബാക്കി ഭാഗം എട്ട് ലൈനുകളോടു കൂടിയ ട്രാക്കുമാണ്. 400 മീറ്റര്‍, 100 മീറ്റര്‍ ഓട്ടമത്സരങ്ങള്‍ക്ക് പുറമെ ഡിസ്‌കസ്, ഹാമര്‍ ത്രോ, ഷോട്ട്പുട്ട്, ലോങ് ജമ്പ്, ട്രിപ്പിള്‍ ജമ്പ്, പോള്‍ വോള്‍ട്ട്, സ്റ്റിപ്പിള്‍ ചെയ്‌സിങ്, ജാവലിന്‍, ഹൈ ജമ്പ്, ഫുഡ്ബോള്‍ എന്നീ മത്സരങ്ങള്‍ ഇവിടെ നടത്താന്‍ സാധിക്കും. ആറ് ഏക്കര്‍ സ്ഥലത്താണു സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ബര്‍മുഡ ഗ്രാസ് എന്ന പച്ചപ്പുല്ലാണ് സ്റ്റേഡിയത്തില്‍ നട്ടുപിടിപ്പിച്ചിട്ടുള്ളത്. കിഫ്ബി 10 കോടിയും മൂന്ന് കോടി സംസ്ഥാന സര്‍ക്കാരും ഒരു കോടിയലധികം രൂപ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തും ചെലവഴിച്ചു. ജില്ലയിലെ കായിക താരങ്ങള്‍ക്ക് ദേശീയ നിലവാരത്തിലുള്ള പരിശീലനത്തിന് സൗകര്യമൊരുങ്ങുന്നതിനൊപ്പം സ്‌കൂള്‍ മീറ്റുകള്‍, മറ്റ് സംസ്ഥാന – ദേശീയ മത്സരങ്ങളും ഇവിടെ നടത്താന്‍ സാധിക്കും. 2005- 2010 കാലത്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പക്കലായിരുന്ന ആറേക്കര്‍ സ്ഥലമാണ് സ്റ്റേഡിയമായി മാറിയിരിക്കുന്നത്.