കൊച്ചി : എൻസിപി അജിത് പവർ വിഭാഗത്തിന് ക്ലോക്ക് ചിഹ്നമോ എൻസിപി പാർട്ടി പതാകയോ ഉപയോഗിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി നിർദേശിച്ചു എന്ന തരത്തിൽ കൈരളിയും മാതൃഭൂമിയും നൽകിയ വാർത്ത തീർത്തും തെറ്റാണെന്നും സുപ്രീംകോടതിയിൽ നിന്നും അങ്ങനെ ഒരു നിർദ്ദേശം ഉണ്ടായിട്ടില്ലെന്നും എൻ സി പി ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന അധ്യക്ഷനുമായ എൻ.എ മുഹമ്മദ് കുട്ടി പറഞ്ഞു. അജിത് പവാർ വിഭാഗത്തിൽ നിന്നും ശരത് പവാർ വിഭാഗത്തിലേക്ക് പോയ ഒരു എം എൽ സി ശരത് പവാറിന്റെ പടം വെച്ച് നടത്തിയ ഒരു പരിപാടിയുടെ വാർത്ത മഹാരാഷ്ട്രയിലെ ഒരു ലോക്കൽ പത്രത്തിൽ വന്നത് ചൂണ്ടിക്കാട്ടി ശരത് പവാർ വിഭാഗം അജിത് പവാർ വിഭാഗത്തെ ശരത് പവാറിന്റെ ചിത്രം ഉപയോഗിക്കുന്നതിൽ നിന്ന് തടയണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ കേസിന്റെ വാദത്തിൽ അജിത് പവാറും പ്രഫുൽപട്ടേലും അറിയപ്പെടുന്ന നേതാക്കൾ ആണെന്നും എൻ സി പിയുടെ പ്രചാരണത്തിന് ശരത് പവാറിന്റെ ചിത്രത്തിന്റെ ആവശ്യമില്ല എന്നും തങ്ങൾ അത് ഉപയോഗിക്കുന്നില്ലെന്നും അജിത് പവാർ വിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിന്റെ ഒരു അഫിഡാവിറ്റ് കോടതിയിൽ സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ശനിയാഴ്ച വീണ്ടും കോടതി ഈ കേസ് പരിഗണിക്കും.ഈ വാർത്തയാണ് കൈരളിയും മാതൃഭൂമിയും തെറ്റായ രീതിയിൽ നൽകിയതെന്ന് N.A. മുഹമ്മദ് കുട്ടി പറഞ്ഞു. ക്ലോക്ക് ചിഹ്നവും പാർട്ടി പതാകയും ഉപയോഗിക്കുന്നതിൽ നിന്നും അജിത്ത് പവാർ വിഭാഗത്തെ കോടതി തടഞ്ഞിട്ടുണ്ടെങ്കിൽ കോടതി നിർദ്ദേശത്തിന്റെ രേഖകൾ ഹാജരാക്കാൻ ഈ മാധ്യമങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.