നേവി റാങ്കുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അനുസരിച്ച് പുനര്‍നാമകരണം ചെയ്യും: പ്രധാനമന്ത്രി

Breaking National

മുംബൈ: നാവികസേനാ ദിനത്തില്‍ പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നാവികാസേനാ റാങ്കുകള്‍ ഇന്ത്യന്‍ സംസ്‌കാരം പ്രതിഫലിക്കുന്ന തരത്തില്‍ പുനര്‍നാമകരണം ചെയ്യുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
കൂടാതെ സായുധ സേനയില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നാവികസേന ശക്തമായിരിക്കേണ്ട പ്രാധാന്യത്തെ കുറിച്ച് വ്യക്തമായി മനസിലാക്കിയ പതിനേഴാം നൂറ്റാണ്ടിലെ മറാത്താ രാജാവ് ശിവജി മഹാരാജാവിന്റെ കാഴ്ചപ്പാടുകളെയും യുദ്ധതന്ത്രങ്ങളെയും കുറിച്ചും മോദി സംസാരിച്ചു.
മുംബൈയില്‍ നിന്ന് അഞ്ഞൂറു കിലോമീറ്റര്‍ അകലെയുള്ള സിന്ധുദുര്‍ഗ് ജില്ലയിലെ മാല്‍വാന്‍ തീരത്താണ് നാവികസേനാദിനാഘോഷം സംഘടിപ്പിച്ചത്. നേവിയുദ്ധക്കപ്പല്‍ കമാന്ററായി ഒരു വനിതയെ നിയമിച്ച നാവിക സേനയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ലോകം ഇന്ത്യയെ കാണുന്നത് വിശ്വമിത്രമായിട്ടാണെന്നും മോദി ചൂണ്ടിക്കാട്ടി.
ഇന്ന്, ഇന്ത്യ സ്വയം വലിയ ലക്ഷ്യങ്ങള്‍ സ്ഥാപിക്കുകയും ആ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അതിന്റെ മുഴുവന്‍ കഴിവുകളും ഉപയോഗിക്കുകയും ചെയ്യുന്നു. തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിന് ഇന്ത്യ അഭൂതപൂര്‍വമായ പിന്തുണയാണ് നല്‍കുന്നത്.
മര്‍ച്ചന്റ് ഷിപ്പിംഗും പ്രോത്സാഹിപ്പിക്കപ്പെടുന്നു. സമുദ്രങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലേക്ക് ഇന്ത്യ നീങ്ങുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *