ഡല്‍ഹി: മുന്‍ നാവിക ഉദ്യോ?ഗസ്ഥരുടെ വധശിക്ഷയ്ക്കെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജി ഖത്തര്‍ കോടതി സ്വീകരിച്ചു. ഹര്‍ജി പരിശോധിച്ച് വാദം കേള്‍ക്കുന്നതിനായുള്ള തീയതി തീരുമാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചാരപ്രവൃത്തി ആരോപിച്ചാണ് എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്കെതിരെ ഖത്തര്‍ വധശിക്ഷ വിധിച്ചത്.
കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ട്, ഗോപകുമാര്‍ രാഗേഷ് എന്നിവരെയാണ് ചാരവൃത്തി ആരോപിച്ച് 2022 ഓഗസ്റ്റില്‍ ഖത്തര്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ ഇന്ത്യന്‍ നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥരാണ്. ഇന്ത്യന്‍ നാവികസേനയില്‍ 20 വര്‍ഷത്തോളം ഇന്‍സ്ട്രക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സുപ്രധാന പദവികളില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് വധശിക്ഷ വിധിച്ചവരുടെ കൂട്ടത്തിലുള്ളത്.
ഖത്തര്‍ രഹസ്യാന്വേഷണ ഏജന്‍സി ചാരപ്രവര്‍ത്തനത്തിന്റെ പേരിലാണ് ഇവരെ പിടികൂടിയതെങ്കിലും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ എന്താണെന്ന് ഖത്തര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജാമ്യത്തിനായി നിരവധി തവണ ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം തള്ളുകയായിരുന്നു. എട്ടുപേരെയും ഒരു വര്‍ഷത്തോളം തടവിലിട്ട ശേഷമാണ് ഖത്തര്‍ കോടതി കഴിഞ്ഞ മാസം 26ന് വധശിക്ഷ വിധിച്ചത്. ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ രക്ഷിക്കാന്‍ നിയമപരമായ എല്ലാ വഴികളും തേടുമെന്ന് അറസ്റ്റിലായവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.
കസ്റ്റഡിയിലെടുത്ത മുന്‍ ഉദ്യോഗസ്ഥരില്‍ ഒരാളുടെ സഹോദരി മീതു ഭാര്‍ഗവ, സഹോദരനെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിന്റെ സഹായം തേടിയിരുന്നു. വിഷയത്തില്‍ ഇടപെടണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മീതു ഭാര്‍ഗവ അഭ്യര്‍ഥിച്ചത്. ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ ഒരു പ്രതിരോധ സേവന കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ശിക്ഷിക്കപ്പെട്ട എട്ട് ഉദ്യോഗസ്ഥരും.