ജില്ലയിലെ നവകേരളസദസ് പൂർത്തിയായി; വൈക്കത്ത് ജനകീയ മന്ത്രിസഭയെ വരവേറ്റ് പതിനായിരങ്ങൾ

Kerala

കോട്ടയം: വൈക്കം മണ്ഡലത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത നവകേരളസദസോടെ ജില്ലയിലെ ഒൻപതു മണ്ഡലങ്ങളിലേയും നവകേരളസദസ് പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും അടങ്ങുന്ന ജനകീയ മന്ത്രിസഭയെ കാണാൻ ഒൻപതു മണ്ഡലങ്ങളിലും പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. നവകേരളസൃഷ്ടിക്കായി മന്ത്രിസഭയോട് നിർദേശങ്ങൾ പങ്കുവയ്ക്കാനും മന്ത്രിമാരുടെ അഭിപ്രായങ്ങൾ കേൾക്കാനും തങ്ങളുടെ പ്രശ്‌നങ്ങൾക്കു പരിഹാരം തേടിയും എത്തിയ ജനസഹസ്രങ്ങളെക്കൊണ്ട് മൂന്നുനാളും ജില്ലയിലെ നവകേരളസദസ് വേദികൾ ആൾക്കൂട്ടക്കടലായി.
ആദ്യദിനമായ ഡിസംബർ 12ന് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പാലാ നിയോജകമണ്ഡലങ്ങളിലും 13ന് ഏറ്റുമാനൂർ, പുതുപ്പള്ളി, ചങ്ങനാശേരി, കോട്ടയം നിയോജമണ്ഡലങ്ങളിലും അവസാനദിനമായ ഇന്നലെ കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലെയും നവകേരളസദസാണ് നടന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടവർ നവകേരളത്തിന്റെ ആശയങ്ങൾ മന്ത്രിസഭയുമായി പങ്കുവച്ച രണ്ടു പ്രഭാതസദസുകളും ഇതിന്റെ ഭാഗമായി കോട്ടയം നഗരത്തിലും കുറവിലങ്ങാട്ടും നടന്നു. വൈക്കത്തെ സദസ് പൂർത്തിയാക്കി വൈക്കം ബോട്ടുജെട്ടിയിൽ നിന്നും ബോട്ടിലാണ് ആലപ്പുഴ ജില്ലയിലെ നവകേരളസദസിനായി നീങ്ങിയത്. വൈക്കത്തുനിന്ന് തവണക്കടവിലേക്ക് ആദിത്യ സോളാർ ബോട്ടിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോയത്. ഒരുമാസത്തോളമായി മന്ത്രിസഭ യാത്ര ചെയ്യുന്ന ബസ് ജങ്കാറിലാണ് തവണക്കടവിലെത്തിച്ചത്.
വാദ്യമേളങ്ങളുടെയും പതിനായിരങ്ങളുടെ ഹർഷാരവത്തിന്റെയും അകമ്പടിയോടെയാണ് ജില്ലയിലെ അവസാനവേദിയായ വൈക്കത്തെ ബീച്ച് മൈതാനം ജനകീയ മന്ത്രിസഭയെ എതിരേറ്റത്. പുസ്തകവും പൂച്ചെണ്ടും നൽകി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സദസിലേക്ക് സ്വാഗതം ചെയ്തു. പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് നൽകി വരവേറ്റപ്പോൾ പി. കൃഷ്ണപിള്ളയുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും ചിത്രങ്ങളാണ് സി.കെ ആശ എം. എൽ. എ മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്. പ്രശസ്ത നാടകപ്രവർത്തകൻ പ്രദീപ് മാളവികയും മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. ലയതരംഗം ടീമിന്റെ ഇൻസ്ട്രമെന്റൽ ഫ്യുഷൻ നവകേരളസദസിന് മുമ്പായി വേദിയിൽ അവതരിപ്പിച്ചു. 30,000 അടി ചതുരശ്ര വിസ്തീർണത്തിൽ ഒരുക്കിയ പന്തലിൽ 25 പരാതി പരിഹാര കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. രാവിലെ മുതൽ കൗണ്ടറുകൾ പ്രവർത്തന സജ്ജമായിരുന്നു. പൊതുജനങ്ങൾക്ക് കുടിവെള്ളവും ശൗചാലയ സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നു. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ മെഡിക്കൽ,ആബുംലൻസ് സേവനങ്ങളും മൈതാനത്ത് ഒരുക്കിയിരുന്നു.

(കെ. ഐ. ഒ. പി. ആർ 3291/2023)

നവകേരള സദസ് ; വൈക്കത്ത്
ലഭിച്ചത് 7667 നിവേദനങ്ങൾ

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിച്ച വൈക്കം നിയോജമണ്ഡലത്തിലെ നവകേരള സദസിൽ 7667 നിവേദനങ്ങൾ ലഭിച്ചു. 25 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ നവകേരള സദസ് വേദിക്ക് സമീപം ഒരുക്കിയത്. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. വൈക്കം ബീച്ച് മൈതാനത്ത് രാവിലെ മുതൽ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *