നവ കേരള ബസ് കോട്ടയം വിടുമ്പോൾ ആകെ നേട്ടം തോമസ് ചാഴികാടൻ എം.പി യ്ക്ക് കിട്ടിയ ശകാരം മാത്രമെന്ന് ബിജെപി

Kerala

വൈക്കം: മുഖ്യ മന്ത്രിയും മന്ത്രിമാരും എഴുന്നള്ളുന്ന നവ കേരള ബസ് കോട്ടയം വിട്ടപ്പോൾ പൊതുജനത്തിന് യാതൊരു പ്രയോജനവും കിട്ടാതെ ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് ബിജെപി നേതാവ് എൻ ഹരി. ആകെ ആശ്വസിക്കാൻ വകയുള്ളത് കേരളാ കോൺഗ്രസിന് മാത്രം. സ്വന്തം തട്ടകമായ പാലായിൽ വച്ചു തന്നെ മുഖ്യമന്ത്രി കോട്ടയം എം.പി യെ പരിഹസിക്കുകയും കാര്യങ്ങൾ മനസ്സിലാക്കാൻ ശേഷി ഇല്ലാത്തവൻ എന്ന് പറഞ്ഞു ഇകഴ്ത്തുകയും ചെയ്തു. ആത്മാഭിമാനം തെല്ലെങ്കിലും ബാക്കിയുണ്ടെങ്കിൽ കേരളാ കോൺഗ്രസ് മുന്നണി വിട്ട് പുറത്തു വരണം. നാടിന്റെ സമഗ്ര വികസനം ചർച്ച ചെയ്യും എല്ലാ പരാതികൾക്കും പരിഹാരം കാണും തുടങ്ങിയ മോഹന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് സദസ്സിനെത്തിയ പൗര സമൂഹത്തെ നിരാശരാക്കി എന്ന് മാത്രമല്ല ഇത് കേവലം ഇലക്ഷൻ പ്രചരണം മാത്രമെന്ന് സൂചിപ്പിക്കുകയും ചെയ്തു. റബ്ബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കും എന്ന എൽഡിഎഫ് വാഗ്ദാനം പോലും പാലിക്കുമെന്ന് പറയാതെ റബ്ബർ ബോർഡ് നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങളിൽ പോലും അവകാശവാദം ഉന്നയിച്ച് തന്റേതാക്കുന്ന നയവും അതിന് പാർട്ടി പത്രത്തിലൂടെയും മറ്റ് വേദികളിലൂടെയും പ്രചരണവും നടത്തുന്നു. ഇത് റബ്ബറിന്റെ വിഷയമെങ്കിൽ ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം നേടിയ കുമരകത്തിന്റെ വികസനത്തെ കുറിച്ച് യാതൊരു കാഴ്ച്ചപ്പാടും മുന്നോട്ടു വയ്ക്കാൻ പറ്റിയില്ല. ഇതിലൂടെ പ്രത്യക്ഷമായും പരോക്ഷമായും ലഭിക്കേണ്ട വരുമാനം കളഞ്ഞ് കുളിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ശബരിമലയുടെ പ്രവേശന കവാടവും മതനിരപേക്ഷതയുടെ സംഗമ ഭൂമിയുമായ എരുമേലി മറ്റ് ഇടത്താവളങ്ങൾ എന്നിവ അസൗകര്യത്താൽ വീർപ്പുമുട്ടുന്നു. അയ്യപ്പൻമാരുടെ കാണിയ്ക്ക പണത്തോട് മാത്രം സ്നേഹം പ്രകടിപ്പിക്കുമ്പോൾ തീർത്ഥാടകരെ തിക്കിലും തിരക്കിലും വീർപ്പുമുട്ടിക്കുന്നു. അതിലും വലിയ കാപട്യം സഹകരണ മേഖലയിലെ സർവ്വ സാധാരണക്കാരായ നിക്ഷേപകരുടെ നഷ്ടപ്പെട്ട പണത്തെക്കുറിച്ച് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ഒന്നു സൂചിപ്പിക്കാൻ പോലും തയ്യാറായില്ല. കേന്ദ്രത്തെ കുറ്റം പറഞ്ഞു കൊണ്ട് കാലിയായ ഖജനാവിന്റെ താക്കോലുമായി നവകേരള ബസിന് ഡബിൾ ബെല്ലടിക്കുമ്പോൾ പാവം KSRTC ജീവനക്കാരുടേയും പെൻഷൻകാരുടേയും കണ്ണുനീരും സാധാരണക്കാരന്റെ ശാപവും മാത്രമാണ് സർക്കാർ മുതൽക്കൂട്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *