രാജ്യത്ത് സെപ്റ്റംബറില്‍ സെന്‍സസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

Kerala

രാജ്യത്ത് സെപ്റ്റംബറില്‍ സെന്‍സസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ല്‍ നടത്തേണ്ടതാണ് നീണ്ട ഇടവേളയ്ക്ക് നടത്താന്‍ ഒരുങ്ങുന്നത്. 2011 ലാണ് അവസാനമായി സെന്‍സസ് നടത്തിയത്. 150 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കാലം സെന്‍സസ് നടത്താന്‍ വൈകുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നാണ് വിവരം. സെന്‍സസ് പൂര്‍ത്തായാകാന്‍ 18 മാസം എടുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2026 മാര്‍ച്ചില്‍ സെന്‍സസ് ഫലങ്ങള്‍ പുറത്തുവിടുമെന്നും സൂചനയുണ്ട്. അതേസമയം സെന്‍സസിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ ഔദ്യോഗിക അനുമതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക സൂചകങ്ങള്‍, പണപ്പെരുപ്പം, തൊഴില്‍ കണക്കുകള്‍ എന്നിവയുടെ കൃത്യമായ കണക്കുകള്‍ അടക്കം നിലവില്‍ തയ്യാറാക്കുന്നത് 2011 ലെ സെന്‍സസ് പ്രകാരമാണ്. സെന്‍സസ് വൈകിയത് രാജ്യത്തെ സ്ഥിതി വിവരക്കണക്കുകള്‍ തയ്യാറാക്കുന്നതിനെ ഉള്‍പ്പെടെ ബാധിച്ചിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് സെന്‍സസ് ആദ്യം വൈകിയത്. പിന്നീട് മോഡി സര്‍ക്കാര്‍ സെന്‍സസുമായി മുന്നോട്ടു പോകാന്‍ തയ്യാറായതുമില്ല.

ആരോഗ്യം, ജനന മരണക്കണക്കുകള്‍, സമ്പദ് വ്യവസ്ഥ എന്നിവയടക്കമുള്ള 15 സുപ്രധാന ഡാറ്റകളെയെങ്കിലും സെന്‍സസ് റിപ്പോര്‍ട്ടില്ലാത്തത് ബാധിച്ചിരുന്നു. 2021 ലെ സെന്‍സസ് നടത്താത്തതിനാല്‍ ഏകദേശം 10 കോടി പേര്‍ പൊതുവിതരണ സംവിധാനത്തില്‍ നിന്ന് പുറത്തായെന്നാണ് കണ്ടെത്തല്‍. ഭക്ഷ്യസുരക്ഷയ്ക്ക് പുറമെ, സെന്‍സസ് വിവരങ്ങളുടെ അഭാവം തൊഴിലുറപ്പ് പദ്ധതി, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനം, വാര്‍ധക്യകാല പെന്‍ഷന്‍, പാവപ്പെട്ടവര്‍ക്കുള്ള ഭവന നിര്‍മാണം എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളും ബുദ്ധിമുട്ടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *