ഡൽഹി: മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. മധ്യപ്രദേശിനൊപ്പം ഛത്തീസ്ഗഡിലെ രണ്ടാംഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലേക്കും ഛത്തീസ്ഗഡിൽ രണ്ടാംഘട്ട വോട്ടെടുപ്പിൽ 22 ജില്ലകളിലെ 70 മണ്ഡലങ്ങളിലെയുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലേക്ക് ഈ മാസം 7ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ 78 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ്.
മധ്യപ്രദേശിൽ സംസ്ഥാന സർക്കാരിന് എതിരായ ഭരണവിരുദ്ധ വികാരം ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ്. അതേസമയം ഭരണത്തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന അതിർത്തികളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.