പശുവിനെ ദേശീയ മൃഗം ആക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

National

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ദേശീയ മൃഗം കടുവയാണെന്നും പശുവിനെ ദേശീയ മൃഗമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി തിങ്കളാഴ്ച പാര്‍ലമെന്റിനെ അറിയിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായ ‘ഗൗമാത’യെ ദേശീയ മൃഗമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന ബിജെപി അംഗം ഭഗീരഥ് ചൗധരിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റെഡ്ഡി.

ഇന്ത്യന്‍ സര്‍ക്കാര്‍ കടുവയെയും മയിലിനെയും യഥാക്രമം ‘ദേശീയ മൃഗം’, ‘ദേശീയ പക്ഷി’ എന്നിങ്ങനെ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും ഇവയെ രണ്ടിനെയും 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍-1 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റെഡ്ഡി വ്യക്തമാക്കി. 2011 മെയ് 30 ന് കടുവയെയും മയിലിനെയും യഥാക്രമം ‘ദേശീയ മൃഗം’, ദേശീയ പക്ഷി’ എന്നിങ്ങനെ പുനര്‍വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗൗമാത’യെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ അലഹബാദിലെയും ജയ്പൂരിലെയും ഹൈക്കോടതി ഉത്തരവിടുകയും അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ടോ എന്ന ഒരു പ്രത്യേക ചോദ്യത്തിന്, ഇക്കാര്യങ്ങള്‍ സംസ്ഥാന നിയമനിര്‍മ്മാണ അധികാരികളുടെ കൈകളിലാണെന്ന് റെഡ്ഡി അഭിപ്രായപ്പെട്ടു. നാടന്‍ ഇനം കന്നുകാലികളുടെ വികസനത്തിനും സംരക്ഷണത്തിനുമായി രാഷ്ട്രീയ ഗോകുല്‍ മിഷന്‍ സംസ്ഥാനങ്ങളുമായി സഹകരിച്ച് കേന്ദ്രം നടപ്പിലാക്കുന്നുണ്ട്.. കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള നാടന്‍ ഇനങ്ങളുടെ ലഭ്യത രാജ്യത്ത് വര്‍ധിപ്പിക്കുന്നതിന് ഈ ദൗത്യം വഴിയൊരുക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *