കൊച്ചി: നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാണ്മക്കള് എന്ന സിനിമ നൽകുന്നത് തെറ്റായ സന്ദേശമെന്ന് ഹൈക്കോടതി അഭിഭാഷകനായ അഡ്വ.വിഷ്ണു വിജയൻ. സിനിമ ചർച്ചയ്ക്ക് വെക്കുന്ന പ്രമേയം സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് ഈ കുറിപ്പ് ഏറ്റെടുത്തിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാണ്മക്കള് എന്ന സിനിമ ഇന്നലെയാണ് കണ്ടത്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഒരു നാട്ടിൻ പുറത്തെ തറവാടാണ് കഥ നടക്കുന്ന പശ്ചാത്തലം. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിലുടനീളമുള്ളത്. നാരായണീയുടെ മൂന്ന് ആൺമക്കളും മൂന്ന് തരത്തിലാണ് തങ്ങളുടെ ജീവിതങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. മൂന്ന് ആണ്മക്കളില് മനസില്‍ ഏറ്റവും ഏറ്റവും അധികം പതിഞ്ഞത് ജോജു അവതരിപ്പിച്ച സേതു എന്ന കഥാപാത്രമാണ്. സഹോദരങ്ങൾക്കിടയിൽ എന്തെങ്കിലും മൂല്യങ്ങൾ ഉണ്ടെങ്കിൽ ഉള്ളത് അയാൾക്കാണെന്ന് നമുക്ക് തോന്നും. മറ്റുള്ളവരുടെ ഉള്ളിലെ ചിന്തകള്‍ എങ്ങനെയാണെന്ന് മനസിലാക്കാന്‍ ഒരുപാട് സമയം വേണ്ടി വരുമെങ്കിലും സേതു എങ്ങനെയുള്ള ആളാണെന്ന് എളുപ്പം മനസിലാക്കാൻ നമുക്ക് കഴിയും. സിനിമയിൽ അഭിനയിച്ച മുഴുവൻ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു എന്നതിൽ തർക്കമില്ല. അപ്പോഴും മനസ്സിനെ വല്ലാതെ അലട്ടിയ ചില സന്ദർഭങ്ങളും ഈ സിനിമയിലുണ്ട്. അത് സഹോദരങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധമാണ്. കഴിഞ്ഞദിവസം ഒരു മാധ്യമത്തിന് സംവിധായകൻ നൽകിയ അഭിമുഖത്തിൽ ചില വാദങ്ങൾ ഉയർത്തി ആ രംഗങ്ങളെ ന്യായീകരിക്കുന്നതായി കണ്ടു. ആ സഹോദരങ്ങൾ ചെറുപ്പത്തിൽ എവിടെയും കണ്ടുമുട്ടുന്നില്ലെന്നും പക്വതയെത്തിയ ശേഷമാണ് ഇരുവരും കാണുന്നതും സൗഹൃദത്തിൽ ആകുന്നതും അവർക്കിടയിൽ ലൈംഗിക ബന്ധം ഉൾപ്പെടെയുള്ളവ സംഭവിക്കുന്നതെന്നും സംവിധായകൻ പറയുകയുണ്ടായി. ആതിര, നിഖിൽ എന്നീ രണ്ടു കുട്ടികളുടെ ബന്ധത്തെപ്പറ്റി പറയുമ്പോൾ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അത് സമൂഹത്തിൽ ഏതുതരം സന്ദേശമാണ് നൽകുകയെന്നത് സിനിമയുടെ പിന്നണിയുള്ളവർ ചിന്തിക്കേണ്ടതായിരുന്നു. തന്റെ ചിത്രത്തിലൂടെ സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകുകയല്ല ഉദ്ദേശമെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കുന്നുണ്ട്. അതുതന്നെയാണ് പ്രമേയം ഉയർത്തി അതിലുള്ള ആശങ്കയും പങ്കുവെക്കുന്നത്. ലഹരി ഉപയോഗവും അതേ തുടർന്നുള്ള കുറ്റകൃത്യങ്ങളും വ്യാപകമായ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിനിടയിൽ രക്ത ബന്ധങ്ങൾക്കിടയിലെ ലൈംഗികബന്ധവും മറ്റും പ്രമേയമായി ഒരു ചിത്രം പുറത്തിറങ്ങുമ്പോൾ സമൂഹത്തിൽ അത് അശുഭകരമായ തലങ്ങളാകും പങ്കുവെക്കപ്പെടുക. ഇപ്പോൾ തന്നെ സമൂഹത്തിൽ ആഴത്തിലുള്ള ലഹരി ഉപയോഗത്തിനും വയലൻസിനും വഴിയൊരുക്കിയതിൽ സിനിമകളുടെ സാന്നിധ്യം നമുക്ക് അറിയാവുന്നതാണ്. ജോജുവിന്റെ തന്നെ ചുരുളി എന്ന ചിത്രത്തിലെ അസഭ്യം നിറഞ്ഞ ഡയലോഗുകൾ ഈ നാട്ടിലെ കുട്ടികൾപോലും വ്യാപകമായി ഉപയോഗിക്കുന്നു. ഈ അടുത്ത് ഇറങ്ങിയ മാർക്കോയും ഏതു തലത്തിൽ നിന്നുകൊണ്ടാണ് പ്രേക്ഷകരെ സ്വാധീനിച്ചതെന്നും നമുക്കറിയാം. ആരുടെയെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുകയല്ല. മറിച്ച് ഇത്തരം പ്രമേയങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുവാൻ ഇടയുള്ള അനന്തരഫലങ്ങളെ ഓർമപ്പെടുത്തുകയാണ്.