കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് ഇന്നലെ വൈകീട്ട് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ബീച്ചില്‍ ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ കടലില്‍ ഇറങ്ങാന്‍ ആരെയും അനുവദിച്ചിരുന്നുമില്ല. അതുകൊണ്ട് മറ്റു അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്നലെ വൈകീട്ട് തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരും തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം ഉണ്ടായപ്പോഴും മുഴപ്പിലങ്ങാട് ബീച്ചില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ രാത്രിയോടെ കടല്‍ക്ഷോഭത്തില്‍ ബ്രിഡ്ജ് തകരുകയായിരുന്നു. ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ പല ഭാഗങ്ങളും കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ്. കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജില്‍ കയറാന്‍ നിരവധിപ്പേരാണ് ഓരോ ദിവസവും എത്തിയിരുന്നത്.