യു.കെ. മുട്ടുചിറ സംഗമം അംഗങ്ങള്‍ മുട്ടുചിറ അല്‍ഫോന്‍സാ സ്‌നേഹതീരം ഓള്‍ഡേജ് ഹോം & കിഡ്‌നി റിലീഫ് ഫണ്ട് ട്രസ്റ്റ് വഴി മുട്ടുചിറ എച്ച്.ജി.എം. ഹോസ്പിറ്റലിന് ഡയാലിസിസ് മെഷീന്‍ സൗജന്യമായി നല്‍കി. ഡയാലിസിസ് മെഷീന്റെ വെഞ്ചരിപ്പുകര്‍മ്മം ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. അലക്‌സ് പണ്ടാരക്കാപ്പില്‍ നിര്‍വ്വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് പി.ജെ. ജോസഫ് പണ്ടാരക്കാപ്പിലും മറ്റു ട്രസ്റ്റ് അംഗങ്ങളും ഹോസ്പിറ്റല്‍ ജീവനക്കാരും സന്നിഹിതരായിരുന്നു.
നിര്‍ദ്ധനരായ കിഡ്‌നി രോഗികള്‍ക്ക് ഒരു കൈത്താങ്ങ് എന്ന രീതിയില്‍ ട്രസ്റ്റ് നിര്‍ദ്ദേശിക്കുന്ന ആളുകള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് ചെയ്തുകൊടുക്കുന്ന ഒരു പദ്ധതിയാണിത്. ട്രസ്റ്റിന്റെ അനവധിയായ ജനോപകാര പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടും കേട്ടും മനസ്സിലാക്കിയ യു.കെ. മുട്ടുചിറ സംഗമത്തിലെ ഭാരവാഹികളും അംഗങ്ങളും രക്ഷാധികാരി ഫാ. വര്‍ഗ്ഗീസ് നടയ്ക്കലിന്റെ നേതൃത്വത്തില്‍ കിഡ്‌നി രോഗികള്‍ക്ക് സ്‌നേഹത്തോടൊപ്പം സാന്ത്വനമേകുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്.
കഴിഞ്ഞ 19 വര്‍ഷമായി മുട്ടുചിറയില്‍ പ്രവര്‍ത്തിച്ചുവരുന്ന ട്രസ്റ്റ് കടുത്തുരുത്തി, ഞീഴൂര്‍, മാഞ്ഞൂര്‍, മുളക്കുളം എന്നീ പ്രദേശങ്ങളിലുള്ള നിര്‍ദ്ധനരായ കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിന് സുമനസ്സുകളായ വ്യക്തികളില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ച് നല്‍കിവരുന്നു. ഇതോടൊപ്പം വിവിധ സേവന മേഖലകളായ വൃദ്ധസദനം, വനിതകള്‍ക്കായി തണല്‍വീട്, ഭവനങ്ങളിലുള്ള കിടപ്പുരോഗികള്‍ക്കായി പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങളുടെ വിതരണം എന്നീ വിവിധങ്ങളായ പദ്ധതികളും ട്രസ്റ്റ് നടത്തിവരുന്നു. നല്ലവരായ നാട്ടുകാരുടേയും സുമനസ്സുകളുടേയും സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും അകമഴിഞ്ഞ സാമ്പത്തിക ധാര്‍മ്മിക പിന്തുണയോടും സഹകരണത്തോടും കൂടിയാണ് ട്രസ്റ്റ് ഈ പദ്ധതികള്‍ നടത്തിപ്പോരുന്നത്.