കോഴിക്കോട്: മുസ്ലിം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളന വേദിയിൽ ശശി തരൂർ നടത്തിയ പരാമർശത്തെച്ചൊല്ലി വിവാദം കനക്കുന്നു. തരൂരിനെതിരെ എസ്കെഎസ്എസ്എഫും ഇടതുപക്ഷവും രംഗത്തെത്തി. തരൂരിന്റേത് ഇരകളെ തീവ്രവാദിയാക്കുന്ന മുടന്തൻ വാദമാണെന്നും ഹമാസിൻ്റേത് ഭീകരവാദമായി അവതരിപ്പിക്കുന്നത് നീതികരിക്കാനാകില്ലെന്നും എസ്കെഎസ്എസ്എഫ് സെക്രട്ടറി ഒ പി അഷ്റഫ് പറഞ്ഞു. മുസ്ലിം രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വേദിയിലെ അത്തരം പ്രയോഗം എന്ത് താൽപര്യത്തിന്റെ പുറത്താണെന്നും അഷ്റഫ് ചോദിച്ചു.
ഇസ്രയേലിനെതിരെ നടന്നത് ഭീകരാക്രമണമെന്ന ശശി തരൂരിന്റെ പരാമർശം അത്ഭുതപ്പെടുത്തി എന്നാണ് സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരും പ്രതികരിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പലസ്തീൻ അനുകൂല പ്രമേയം ശശി തരൂർ എതിർത്തു. ഐക്യരാഷ്ട്ര സഭയിൽ നിന്ന് വാങ്ങിയ ശമ്പളത്തിന് തരൂർ ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകി എന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.