ന്യൂഡല്‍ഹി: യുവതിയുടെ മൃതദേഹം ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ 19കാരനായ കാമുകന്‍ അറസ്റ്റില്‍. മുംബൈ സ്വദേശി ഇ-കോമേഴ്സ് ഡെലിവറി ബിസിനസ് നടത്തുന്ന സുല്‍ത്താന്‍ എന്നയാളാണ് അറസ്റ്റിലായത്. മുന്‍ കാമുകനുമായി ബന്ധം തുടര്‍ന്ന വൈരാഗ്യത്തില്‍ 23കാരിയായ യുവതിയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു.യുവതിയുടെ തലയില്‍ പരിക്കേറ്റ പാടുണ്ട്. തുണി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. വടക്കന്‍ ഡല്‍ഹിയില്‍ ഞായറാഴ്ചയാണ് സംഭവം. വിശ്വാസ് നഗറിലെ കെട്ടിടത്തില്‍ സംശയാസ്പദമായ നിലയില്‍ ബാഗ് കണ്ടതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ
പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
മുന്‍ കാമുകനുമായി ഇനി സംസാരിക്കരുതെന്ന് സുല്‍ത്താന്‍ യുവതിയയോട് പറഞ്ഞിരുന്നു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ സുല്‍ത്താന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവ ദിവസം ഏറെ വൈകിയിട്ടും യുവതി വീട്ടില്‍ വരാതിരുന്നതോടെ ബന്ധുക്കള്‍ സുല്‍ത്താനെ വിളിച്ച് ചോദിച്ചിരുന്നു. എന്നാല്‍, യുവതിയെ കണ്ടെത്താനും പോലീസില്‍ പരാതി നല്‍കാനും എല്ലാവിധ സഹായവും ചെയ്യാമെന്ന് പ്രതി ഇവരോട് പറഞ്ഞു.
ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുകയാണ് പ്രതിയും യുവതിയും.
സുല്‍ത്താന്റെ ഓഫീസിലാണ് കൊലപാതകം നടന്നത്. സുല്‍ത്താന്റെ ജീവനക്കാരില്‍ ഒരാളാണ് പോലീസില്‍ വിവരം അറിയിച്ചത്. ഇതിന് പിന്നാലെ സുല്‍ത്താന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. സംഭവത്തിന് ശേഷം സുല്‍ത്താന്‍ മുംബൈയിലേക്ക് കടന്നതായി കണ്ടെത്തി. തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അറസ്റ്റ്.
ശനിയാഴ്ച സുല്‍ത്താന്റെ വീട്ടുകാര്‍ യുവതിയുടെ വീട്ടില്‍ എത്തി കല്യാണം ഉറപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിന് യുവതിയെ സുല്‍ത്താന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് നടന്ന വഴക്കിന് പിന്നാലെയായിരുന്നു കൊലപാതകം. ശേഷം കൈകാലുകള്‍ കെട്ടി മൃതദേഹം ബാഗിലാക്കുകയായിരുന്നു. തുടര്‍ന്ന് ഓഫീസ് അടച്ച സുല്‍ത്താന്‍ മുംബൈയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ സുല്‍ത്താനെ കാണാനില്ലെന്ന് കുടുംബം പോലീസില്‍ പരാതിയും നല്‍കി.