കോട്ടയം: മകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പിതാവിന്ജീവപര്യന്തം തടവും കൂടാതെ 10 വർഷം കഠിനതടവും വിധിച്ചു. അന്തിനാട് മൂപ്പൻമല ഭാഗത്തുള്ള കാഞ്ഞിരത്തുംകുന്നേൽ ഗോപാലകൃഷ്ണൻ ചെട്ടിയാറിനെയാണ് പാലാ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി കെ. അനിൽകുമാർ ശിക്ഷിച്ചത്. ഇദ്ദേഹത്തിന്റെ മകൻ ഷിനുവിനെയാണ് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയത്.
2021 സെപ്റ്റംബർ21 നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവ ദിവസം രാത്രി രണ്ട് മണിയോടെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും പിന്നീട് നവംബർ ഒന്നിന് രാത്രി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. കേസിലെ പ്രതിയായ ഗോപാലകൃഷ്ണൻ ചെട്ടിയാർക്ക് ഇന്ത്യൻ ശിക്ഷാ നിയമം 302-ാം വകുപ്പു പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടുവർഷം കഠിനതടവും അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാ നിയമം 326 എ വകുപ്പു പ്രകാരം 10 വർഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കഠിനതടവിനുമാണ് ശിക്ഷിച്ചത്. ഷിനുവിൻറെ രണ്ടാം മരണവാർഷികത്തിൻറെ തലേന്നാണ് വിധി.