മൈലപ്ര കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച്‌ അന്വേഷണം

Kerala

പത്തനംതിട്ട: മൈലപ്രയില്‍ പുതുവേലില്‍ സ്റ്റോഴ്സ് എന്ന കട നടത്തുന്ന പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച്‌ അന്വേഷണം.മൈലപ്ര സ്വദേശിയും വ്യാപാരിയുമായ ജോര്‍ജ് ഉണ്ണുണ്ണി (73) യെ കഴിഞ്ഞ ദിവസമാണ് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്റെ രീതികള്‍ നന്നായി അറിയാവുന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന മരിച്ച ജോര്‍ജ്ജിന്റെ മകൻ സുരേഷിന്റെ മൊഴിയും പൊലീസ് മുഖവിലക്ക് എടുത്തിട്ടുണ്ട്.

കഴുത്ത് മുറുക്കിയതിന്റെ ലക്ഷണങ്ങളാണ് മൃതദേഹത്തില്‍ കാണുന്നതെന്ന് പ്രാഥമികപരിശോധനയ്ക്ക് ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ശരീരത്തില്‍ മറ്റുമുറിവുകളൊന്നും കാണുന്നില്ലെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തതവരികയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

മൈലപ്ര പോസ്റ്റ് ഓഫീസിന് സമീപം പുതുവേലില്‍ സ്റ്റോഴ്സ് എന്ന കട നടത്തുന്ന പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയെയാണ് കഴിഞ്ഞദിവസം വൈകിട്ട് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്കുള്ളിലെ മുറിയില്‍ കൈകാലുകള്‍ കെട്ടി വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കടയില്‍ സാധനം വാങ്ങാൻ എത്തിയ ആള്‍, ജോര്‍ജിനെ വിളിച്ചെങ്കിലും കണ്ടില്ല. അകത്തുകയറി നോക്കുമ്ബോഴാണ് മരിച്ചനിലയില്‍ കണ്ടത്.

ജോര്‍ജ് ഉണ്ണുണ്ണിയുടെ കഴുത്തില്‍ കിടന്ന ഒൻപത് പവന്റെ മാല കാണാനില്ലെന്നതാണ് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതിന്റെ ലക്ഷങ്ങളാണ് മൃതദേഹത്തിലുള്ളത്. ജോര്‍ജ് ഉണ്ണുണ്ണിയെ കഴുത്ത് ഞെരിച്ച്‌ കൊല്ലാൻ ഉപയോഗിച്ചെന്ന് കരുതുന്ന കൈലി മുണ്ടുകളും ഷര്‍ട്ടും പൊലീസ് കണ്ടെടുത്തു.

വലിയ ആസൂത്രണം നടത്തിയാണ് പ്രതികള്‍ കൊല നടത്തിയത്. സിസിടിവിയുടെ ഹാര്‍ഡ് ഡിക്‌സും പ്രതികള്‍ എടുത്തുകൊണ്ടുപോയി. വ്യാപാരിയായ ജോര്‍ജ്ജ് കടയില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്തിന് മുന്നേ പ്രതികളെത്തി. റോഡരികിലുള്ള കടയില്‍ നിന്ന് ശബ്ദം പുറത്തേക്ക് കേള്‍ക്കാതിരിക്കാൻ അകത്തെ മുറിയിലെത്തിച്ചാണ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്.

കൈകാലുകള്‍ കൂട്ടിക്കെട്ടി. വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. പുനലൂര്‍ – മൂവാറ്റുപുഴ റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിലവില്‍ തെളിവുകളൊന്നുമില്ല. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

കഴുത്ത് മുറുക്കിയതിന്റെ ലക്ഷണങ്ങളാണ് മൃതദേഹത്തില്‍ കാണുന്നതെന്നായിരുന്നു ഞായറാഴ്ച പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. കൃത്യം നടത്താനായി രണ്ട് കൈലിയും ഒരുഷര്‍ട്ടും ഉപയോഗിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മറ്റുമുറിവുകള്‍ കാണുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. ഇതിനിടെ, പരിശോധനയ്ക്കെത്തിയ പൊലീസ് നായ സംഭവസ്ഥലത്തുനിന്ന് മണംപിടിച്ചശേഷം 400 മീറ്റര്‍ അകലെയുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലേക്കാണ് ഓടിക്കയറിയത്. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്. പത്തനംതിട്ട എസ്‌പി.യുടെ മേല്‍നോട്ടത്തില്‍ രണ്ട് ഡിവൈ.എസ്‌പി.മാര്‍ അടങ്ങുന്ന പ്രത്യേകസംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *